• Sun. Jan 26th, 2025

24×7 Live News

Apdin News

സിസേറിയനായി തിരക്കുകൂട്ടി യുഎസ്സിലെ ഇന്ത്യൻ സ്ത്രീകൾ; ലക്ഷ്യം മക്കൾക്ക് പൗരത്വം നേടൽ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 25, 2025


Posted By: Nri Malayalee
January 24, 2025

സ്വന്തം ലേഖകൻ: ജന്മാവകാശപൗരത്വം റദ്ദാക്കാനുള്ള യു.എസ് പ്രസിഡന്റിന്റ് ട്രംപിന്റെ തീരുമാനം ഏറെ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിതുറന്നിരിക്കുകയാണ്. ഉത്തരവിനെതിരേ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ നിയമനടപടിക്കൊരുങ്ങുന്നതിനിടെ യു.എസ് പൗരത്വം ഉറപ്പാക്കാനുള്ള മറ്റ് വഴികള്‍ തേടുകയാണ് ഒരു വിഭാഗം. ഫെബ്രുവരി 20 എന്ന സമയപരിധി ട്രംപ് മുന്നോട്ടുവെച്ചതോടെ ഈ തീയതിക്ക് മുന്‍പ് സിസേറിയനിലൂടെ പ്രസവിക്കാനുള്ള ഇന്ത്യന്‍ വനിതകളുടെ ആവശ്യവും വര്‍ധിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യു.എസ് മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മാസം തികയുന്നതിന് മുന്‍പേ സിസേറിയനിലൂടെ പ്രസവിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്കാരായ നിരവധി പേര്‍ തന്നെ സമീപിച്ചുവെന്ന് ന്യൂ ജേഴ്‌സിയിലെ മറ്റേണിറ്റി ക്ലിനിക്കില്‍ പ്രവര്‍ത്തിക്കുന്ന ഡോ.എസ്.ഡി രാമ പറഞ്ഞു. “മാര്‍ച്ചില്‍ ഡേറ്റ് പറഞ്ഞിരിക്കുന്ന യുവതി ഭര്‍ത്താവിനൊപ്പം കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയിരുന്നു, നേരത്തെ പ്രസവിക്കണമെന്നായിരുന്നു അവരുടെ ആവശ്യം”, ഡോക്ടര്‍ പറഞ്ഞു.

സമാന ആവശ്യവുമായി ഒട്ടേറെ ദമ്പതിമാർ തന്നെയും സമീപിച്ചുവെന്ന് ടെക്‌സസിലെ ആശുപത്രിയിലെ ഡോ. എസ്.ജി മുക്കാളയും പറഞ്ഞു. ഇത്തരത്തില്‍ പ്രസവം നേരത്തേയാക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കുഞ്ഞുങ്ങളുടെ ആന്തരികാവയവങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തിയിട്ടുണ്ടാവില്ലെന്ന് മാത്രമല്ല നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗുരുതര തകരാറുകള്‍ വരെ കുഞ്ഞുങ്ങള്‍ക്കുണ്ടായേക്കാമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. അമ്മയുടെ ആരോഗ്യത്തേയും ഇത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം കൊണ്ട് ഇരുപതിലേറെ ദമ്പതിമാരോട് ഇതിനെ സംബന്ധിച്ച് വിശദീകരിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

യു.എസില്‍ ജനിച്ച ഏതൊരാള്‍ക്കും അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത് ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരമാണ്. ട്രംപിന്റെ ഉത്തരവുപ്രകാരം നിയമവിരുദ്ധമായും താത്കാലിക തൊഴില്‍ വിസ, വിദ്യാര്‍ഥി-വിനോദസഞ്ചാര വിസകള്‍ എന്നിവയിലും യു.എസിലെത്തിയവര്‍ ജന്മംനല്‍കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇനിമേല്‍ അവിടെ പൗരത്വം അവകാശമായി ലഭിക്കില്ല.

മാതാപിതാക്കളില്‍ ഒരാള്‍ക്ക് യു.എസ്. പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഉണ്ടാകണം, അല്ലെങ്കില്‍ യു.എസ്. സൈന്യത്തില്‍ അംഗമായിരിക്കണം തുടങ്ങിയ നിബന്ധനകളാണ് ജന്മാവകാശപൗരത്വത്തിന് ട്രംപ് വെക്കുന്നത്. ഫെബ്രുവരി 20ന് ശേഷമാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. യു.എസിന്റെ എച്ച്1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. ട്രംപിന്റെ തീരുമാനത്തിനെതിരേ ഇന്ത്യൻ സമൂഹം വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്.

By admin