
മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും സീപ്ലെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. 2014ല്‍ ആരംഭിക്കുകയും പിന്നീട് നിന്നുപോകുകയും ചെയ്ത പദ്ധതിയാണ് പുനരാരംഭിക്കുന്നത്. സംസ്ഥാന ടൂറിസം വികസന വകുപ്പാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
എട്ടു പാതകളിലാകും സര്‍വീസുകള്‍ നടത്തുക. ഇതിനായുള്ള കരാറുകളു ക്ഷണിച്ചു കഴിഞ്ഞു. പദ്ധതിയുടെ മുഴുവന്‍ ചെലവും കമ്പനി വഹിക്കുന്ന രീതിയിലാണു ക്രമീകരണം. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ 5 വര്‍ഷത്തിനകം മുഴുവന്‍ തുകയും സര്‍ക്കാര്‍ തിരികെ നല്‍കുകയോ 3 വര്‍ഷത്തിനകം നിശ്ചിത വരുമാന ഗാരന്‍റി നല്‍കുകയോ ചെയ്യും.
12 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത, 9 മുതല്‍ 19 സീറ്റുകള്‍ വരെയുള്ള സീപ്ലെയിനുകള്‍ക്കാണു പ്രവര്‍ത്തനാനുമതി നല്‍കുന്നത്. മഹാരാഷ്ട്രയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ അലിബാഗിലേക്കും മറ്റും സീപ്ലെയ്‌നുകള്‍ വരുന്നതോടെ വേഗത്തില്‍ എത്താനാകും.
രത്‌നഗിരി, കൊങ്കണ്‍ മേഖലകളിലേക്കും ഇത്തരത്തില്‍ സര്‍വീസുകള്‍ നടത്താനും പദ്ധതിയുണ്ട്. 490 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കിയിരിക്കുന്നത്. 4000 രൂപയാണ് ടിക്കറ്റ് നിരക്കെന്നാണ് സൂചന.