ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസംബർ 27 മുതലാണ് സുനിതയുടെ റിട്ടയർമെന്‍റ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. 608 ദിവസങ്ങളാണ് ഈ കാലത്തിനിടെ സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്.ചത്. അതിനിടെ 9 പ്രാവശ്യം സ്പേസ് വോക്ക് നടത്തി. 62 മണിക്കൂറും ആറു മിനിറ്റും അവർ ബഹിരാകാശ നിലയത്തിന് പുറത്തായിരുന്നു.
വിശ്രമജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു തുക തന്നെ സുനിതയ്ക്ക് പെൻഷൻ ആയി ലഭിക്കും. എന്നാൽ നാസയിൽ നിന്നും നേരിട്ടായിരിക്കില്ല പെൻഷൻ ലഭിക്കുക. പകരം ഫെഡറൽ എംപ്ലോയീസ് റിട്ടയർമെന്‍റ് സിസ്റ്റം(എഫ്ഇആർഎസ്) വഴി 27 വർഷത്തെ സേവനവും ഉയർന്ന ശമ്പളം ലഭിച്ച മൂന്നു വർഷത്തെ ശമ്പളത്തിന്‍റെ ശരാശരിയും കണക്കൂകൂട്ടിയായിരിക്കും പെൻഷൻ ലഭിക്കുക. ഇതു പ്രകാരം ഉയർന്ന ശമ്പളത്തിന്‍റെ ശരാശരിയുടെ ഒരു ശതമാനമാണ് പെൻഷൻ ആയി ലഭിക്കുക.
ഏകദേശം 1.20 മുതൽ 1.30 കോടി രൂപ വരെയായിരുന്നു സുനിതയുടെ വാർഷിക ശമ്പളം. കൃത്യമായ കണക്കുകൾ പുറത്തു വിട്ടിട്ടില്ല. ഇതു പ്രകാരം 43,200 ഡോളർ അതായത് ഏകദേശം 36 ലക്ഷം രൂപ ഫെഡറൽ പെൻഷനായി ലഭിക്കും.
അതിനു പുറകേ യുഎസ് സോഷ്യൽ സെക്യൂരിറ്റി സ്കീം പ്രകാരം പ്രതിമാസം മറ്റൊരു തുകയും ലഭിക്കും. ആരോഗ്യ പരിരക്ഷ, ലൈഫ് ഇൻഷുറൻസ്, ത്രിഫ്റ്റ് സേവിങ്സ് പ്ലാൻ സേവിങ്സ്(ടിഎസ്പി) എന്നിവയും ഉണ്ടായിരിക്കും.