• Sat. Jan 18th, 2025

24×7 Live News

Apdin News

‘സെപ്റ്റംബര്‍ 11 ഭീകരാക്രമണ ത്തെ ഓര്‍മ്മിപ്പിക്കുന്നു’; പരസ്യത്തിൽ പുലിവാൽ പിടിച്ച് പാക് വിമാനകമ്പനി – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 17, 2025


Posted By: Nri Malayalee
January 16, 2025

സ്വന്തം ലേഖകൻ: നാലുവര്‍ഷങ്ങള്‍ക്ക് ശേഷം പാരിസിലേക്ക് വിമാനസര്‍വീസ് പുനഃരാരംഭിച്ചതിന്റെ സന്തോഷം പങ്കുവെക്കാനായി പുറത്തിറക്കിയ പരസ്യത്തില്‍ പുലിവാല് പിടിച്ച് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ.) വിമാന കമ്പനി. ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പരസ്യത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ പരസ്യമെന്ന വ്യാപകവിമര്‍ശനത്തെ തുടര്‍ന്നാണ് പാകിസ്താന്‍ സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

ജനുവരി 10-ന് സാമൂഹിക മാധ്യമമായ എക്സിലാണ് (പഴയ ട്വിറ്റര്‍) പരസ്യം ആദ്യം പ്രത്യക്ഷപ്പെട്ടത്. പി.ഐ.എ.യുടെ ഔദ്യോഗിക അക്കൗണ്ടിലാണ് പരസ്യം പോസ്റ്റ് ചെയ്തിരുന്നത്. ഫ്രഞ്ച് പതാകയുടെ പശ്ചാത്തലത്തിലുള്ള ഈഫല്‍ ടവറിന്റെ ചിത്രവും ഒരു വിമാനവുമാണ് പരസ്യത്തില്‍ ഉണ്ടായിരുന്നത്. ഈഫല്‍ ടവറിന് നേരെ ഒരു വിമാനം പറക്കുന്ന തരത്തിലാണ് പരസ്യത്തിലെ ചിത്രീകരണം. ‘പാരിസ്, ഞങ്ങള്‍ ഇന്ന് വരികയാണ്’ എന്ന അടിക്കുറിപ്പോട് കൂടിയാണ് പി.ഐ.എ. പരസ്യം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

തൊട്ടുപിന്നാലെ, 2001 സെപ്റ്റംബര്‍ 11-ന് യു.എസ്സിലെ ന്യൂയോര്‍ക്കില്‍ സ്ഥിതി ചെയ്തിരുന്ന വേള്‍ഡ് ട്രേഡ് സെന്ററിനെതിരെ നടന്ന ഭീകരാക്രമണത്തെ അനുസ്മരിപ്പിക്കുന്ന പരസ്യമാണിതെന്ന് ആരോപണം ഉയര്‍ന്നു. വേള്‍ഡ് ട്രേഡ് സെന്ററിലെ ഇരട്ടക്കെട്ടിടങ്ങളിലേക്ക്, തട്ടിയെടുത്ത ഒന്നിലേറെ യാത്രാവിമാനങ്ങള്‍ ഇടിച്ചുകയറ്റിയാണ് സെപ്റ്റംബര്‍ 11 ഭീകരാക്രമണം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അന്ന് തത്സമയം ലോകം കണ്ടതാണ്. പരസ്യചിത്രത്തിന് സെപ്റ്റംബര്‍ 11 ആക്രമണവുമായുള്ള അതിശയകരമായ സാമ്യമാണ് എല്ലാവരേയും ഞെട്ടിച്ചത്.

പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കകം രണ്ട് കോടിയിലേറെ പേരാണ് പരസ്യം കണ്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി പാക് ധനകാര്യമന്ത്രിയാണ് പാര്‍ലമെന്റില്‍ അറിയിച്ചത്. പി.ഐ.എ.യുടെ പരസ്യം ഒരു വിഡ്ഡിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിവാദങ്ങള്‍ക്കിടെ പി.ഐ.എ.യുടെ വിമാനം ഇസ്ലാമാബാദില്‍ നിന്ന് പാരിസിലെത്തി. ജനുവരി പത്തിനാണ് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പി.ഐ.എ. വിമാനം ഫ്രാന്‍സിന്റെ മണ്ണിലിറങ്ങിയത്.

By admin