• Sun. Mar 15th, 2026

24×7 Live News

Apdin News

സൈബര്‍ സുരക്ഷ ശക്തമാക്കി ബഹ്റൈന്‍; ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍

Byadmin

Mar 14, 2026


മനാമ: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെയും ഇലക്ട്രോണിക് തട്ടിപ്പുകളെയും പ്രതിരോധിക്കാന്‍ ബഹ്റൈന്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നു. അത്യാധുനികമായ സൈബര്‍ ഭീഷണികളെ നേരിടാന്‍ സംയോജിത നയങ്ങളാണ് നടപ്പാക്കുന്നതെന്ന് പാര്‍ലമെന്റ്-ശൂറ കൗണ്‍സില്‍ കാര്യ മന്ത്രി ഗാനിം അല്‍ ബുഐനൈന്‍ അറിയിച്ചു.

ബോധവല്‍ക്കരണ കാമ്പെയ്നുകള്‍, നിയന്ത്രണ സംവിധാനങ്ങള്‍, വിവിധ സ്ഥാപനങ്ങളുടെ ഏകോപനം എന്നിവയിലൂടെ രാജ്യത്തെ ഡിജിറ്റല്‍ മേഖല സുരക്ഷിതമാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ, ടെലിവിഷന്‍, റേഡിയോ എന്നിവ വഴി വിവിധ ഭാഷകളില്‍ ബോധവല്‍ക്കരണം നല്‍കുന്നുണ്ട്.

‘ഇലക്ട്രോണിക് തട്ടിപ്പിന്റെ ആധുനിക രീതികള്‍, ഇരകളാകുന്നത് ഒഴിവാക്കാനുള്ള വഴികള്‍, അത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ വിശദീകരിക്കുന്നതിലാണ് ഈ കാമ്പെയ്നുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’, മന്ത്രി പറഞ്ഞു.

ഇലക്ട്രോണിക് തട്ടിപ്പുകളുടെ രീതികള്‍, അവയില്‍ നിന്ന് എങ്ങനെ രക്ഷപെടാം, ഇത്തരം കുറ്റകൃത്യങ്ങള്‍ എവിടെ റിപ്പോര്‍ട്ട് ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്ന ശില്‍പ്പശാലകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗം ഇതിന് നേതൃത്വം നല്‍കുന്നു.

വ്യാജ ഐഡന്റിറ്റികള്‍ തടയുന്നതിനായി സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്യുന്നതിന് മുന്‍പ് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ പോലുള്ള ബയോമെട്രിക് പരിശോധനകള്‍ നിര്‍ബന്ധമാക്കിയതും പ്രതിരോധ നടപടികളില്‍ ഉള്‍പ്പെടുന്നു.

അന്താരാഷ്ട്ര തട്ടിപ്പ് കോളുകളും സംശയാസ്പദമായ എസ്എംഎസുകളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ തടയാന്‍ നടപടി സ്വീകരിച്ചു. സുരക്ഷിതമായ ഡിജിറ്റല്‍ രീതികളെക്കുറിച്ചും സൈബര്‍ ഭീഷണികളില്‍ നിന്നുള്ള സംരക്ഷണത്തെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി ‘സേഫ് ഇന്റര്‍നെറ്റ്’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും ആരംഭിച്ചിട്ടുണ്ട്.

സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനും ഐഡന്റിറ്റി പരിശോധന ശക്തമാക്കുന്നതിനും സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. സംശയാസ്പദമായ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ ഉടന്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

ആഭ്യന്തര മന്ത്രാലയം, സെന്‍ട്രല്‍ ബാങ്ക്, ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി എന്നിവരടങ്ങുന്ന ഒരു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയെ തട്ടിപ്പുകള്‍ തടയാന്‍ സംയുക്ത തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനായി രൂപീകരിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡയറക്ടറേറ്റ്, വാണിജ്യ ബാങ്കുകള്‍, എക്‌സ്‌ചേഞ്ച് ഹൗസുകള്‍ എന്നിവയുമായും മന്ത്രാലയം സഹകരിക്കുന്നു.

തട്ടിപ്പ് കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര പണമിടപാടുകള്‍ 48 മണിക്കൂര്‍ വൈകിപ്പിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിശോധിച്ചു. എന്നാല്‍, ഇത് ബാങ്കിങ് മേഖലയുടെ വേഗതയെയും കാര്യക്ഷമതയെയും ബാധിക്കുമെന്നും ഉപഭോക്താക്കളുടെ ആത്മവിശ്വാസം കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷയും വേഗതയും ഒരുപോലെ ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രാജ്യത്തെ ‘ഫൗരി’ പേയ്മെന്റ് സിസ്റ്റം വഴിയുള്ള ഇടപാടുകളില്‍ വളരെ ചെറിയ ശതമാനം മാത്രമാണ് തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് സ്വീകരിച്ച നടപടികളുടെ ഫലമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

By admin