സൈബർ തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി സീരിയൽ നടി അഞ്ജിത. നർത്തകി രഞ്ജന ഗൗഹറിന്റെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. അഞ്ജിത തിരുവനന്തപുരം സൈബർ പൊലീസിൽ പരാതി നൽകി. പതിനായിരം രൂപയാണ് നഷ്ടമായത്. ഇന്നലെ ഉച്ചക്കാണ് രഞ്ജന ഗൗഹറിന്റെ അക്കൗണ്ടിൽ നിന്ന് മെസേജ് ലഭിച്ചത്. അക്കൗണ്ടിൽ നിന്ന് പണം അയക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്.
രഞ്ജന ഗൗഹറിനെ ഫോണിൽ ബന്ധപ്പെടാൻ നോക്കിയെങ്കിലും കഴിഞ്ഞില്ലെന്ന് നടി പറയുന്നു. പണം ചോദിച്ചതിലുള്ള ബുദ്ധിമുട്ട് കാരണം ഫൺ എടുക്കാതിരുന്നതെന്നാണ് കരുതിയത്. പിന്നാലെ വാട്സ്ആപ്പിൽ പണം അയക്കേണ്ട അക്കൗണ്ട് വിവരങ്ങൾ തേടി മെസേജ് അയച്ചു. ഉടൻ ഒരു ഗൂഗിൾ പേ നമ്പറാണ് അയച്ച് നൽകിയത്. തുടർന്ന് ഈ നമ്പറിലേക്ക് പണം അയച്ച് നൽകുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴായിരുന്നു സംശയം തോന്നിയത്. പിന്നാലെയാണ് തട്ടിപ്പ് മനസിലായത്.
അടുത്ത ദിവസം പണം തിരികെ നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ പണം തട്ടിയത്. തന്റെയും വാട്‌സ്ആപ്പ് ഹാക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുത്തിയെന്ന് അഞ്ജിത പറയുന്നു. പിന്നീട് രഞ്ജന വാട്സ്ആപ്പ് പരിശോധിച്ചപ്പോഴാണ് തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നത് മനസിലായത്. തുടർന്ന് അഞ്ജിതയെ വിളിച്ച് ഇനി പണം നൽകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിക്കുകയും ചെയ്തു.