• Wed. Mar 4th, 2026

24×7 Live News

Apdin News

സൈറണുകളുടെയും സ്‌ഫോടനങ്ങളുടെയും ശബ്ദം; കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കി വിദഗ്ധര്‍

Byadmin

Mar 4, 2026


 

മനാമ: ഉഗ്രസ്‌ഫോടനങ്ങളുടെ ശബ്ദവും അപായ സൈറണുകളും കുട്ടികളിലുണ്ടാക്കുന്ന മാനസികാഘാതം മറികടക്കാന്‍ മാതാപിതാക്കള്‍ ശാന്തത പാലിക്കണമെന്നും, കാര്യങ്ങള്‍ സുതാര്യമായി കുട്ടികളോട് പറയണമെന്നും അവരെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു.

ബഹ്റൈനിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ ശനിയാഴ്ച മുതല്‍ ആരംഭിച്ച ഇറാനിയന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. സ്വയം സംയമനം പാലിക്കാനും കുട്ടികള്‍ പരിഭ്രാന്തരാകുന്നത് തടയാനും പാടുപെടുന്ന നിരവധി മാതാപിതാക്കള്‍തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

സാധ്യമായ അപകടങ്ങളെക്കുറിച്ച് സുരക്ഷാ മുന്നറിയിപ്പ് നല്‍കുന്നതിനായി പ്രതിരോധ സേന സൈറണുകള്‍ മുഴക്കുന്നുണ്ട്. ഡ്രോണ്‍ ആക്രമണങ്ങള്‍, മിസൈലുകള്‍ തകര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടാം. ഇതിനുപുറമെ, പൊതുജനങ്ങള്‍ക്കായി മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് വഴിയും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അയക്കുന്നുണ്ട്.

അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഇത്തരം സാഹചര്യങ്ങള്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നത് വെല്ലുവിളിയാണെങ്കിലും, ഓട്ടിസം ബാധിച്ച കുട്ടികളുടെ കാര്യത്തില്‍ ഇത് കൂടുതല്‍ ദുഷ്‌കരമാണ്. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ബഹ്‌റൈനിലെ ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആമിന ഷാരൂഖ് പറഞ്ഞു.

കുട്ടികള്‍ നമ്മുടെ വാക്കുകളേക്കാള്‍ പ്രവൃത്തികളെയാണ് നിരീക്ഷിക്കുന്നത്. നമ്മള്‍ പരിഭ്രമിച്ചാല്‍ അവരിലത് ഇരട്ടി സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് സൈക്കോളജിസ്റ്റ് ഡോ. ആന്‍ ലോര്‍ റെനാര്‍ഡ് പറഞ്ഞു. സൈറണ്‍ മുഴങ്ങുമ്പോള്‍ ‘നമ്മള്‍ സുരക്ഷിത മുറിയിലേക്ക് മാറാനുള്ള സമയമാണിത്’ എന്ന് ശാന്തമായി പറയണമെന്ന് ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഫൗണ്ടേഷന്‍ സെന്റര്‍ സ്ഥാപക ഡോ. മറിയം അല്‍അമ്മാദിയും നിര്‍ദേശിച്ചു.

 

The post സൈറണുകളുടെയും സ്‌ഫോടനങ്ങളുടെയും ശബ്ദം; കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കി വിദഗ്ധര്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin