
വർഷങ്ങൾക്ക് മുൻപ് നടി ബിപാഷ ബസുവിനെതിരെ പറഞ്ഞ ബോഡി ഷെയിം കമന്റുകൾ വീണ്ടും ചർച്ചയായ പശ്ചാത്തലത്തിൽ മാപ്പ് പറഞ്ഞു കൊണ്ട് മൃണാൾ താക്കൂറിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്. 2014ൽ മൃണാൾ അഭിനയിച്ച ഒരു സീരിയലിന്റെ പ്രമോഷണൽ പരിപാടിയുമായി ബന്ധപ്പെട്ട നൽകിയ ഒരു അഭിമുഖത്തിൽ ബിപാഷയെ കളിയാക്കിക്കൊണ്ട് നടി സംസാരിച്ചിരുന്നു.
പ്രസ്തുത അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്ന നടൻ സ്വപ്ന വധുവിനെ കുറിച്ചുള്ള സങ്കല്പം വിവരിക്കുമ്പോൾ താൻ ഉറച്ച ശരീരമുള്ള ഒരു പെൺകുട്ടിയെ ആണ് ആഗ്രഹിക്കുന്നത് എന്ന് പറയുകയുണ്ടായി. അതിനു മറുപടിയായി മൃണാൾ, “നിനക്ക് മസിലുള്ള പെണ്ണിനെയാണോ കല്യാണം കഴിക്കേണ്ടത്, എങ്കിൽ പോയി ബിപാഷയെ വിവാഹം ചെയ്യൂ, ബിപാഷയെക്കാൾ എത്രയോ മികച്ചതാണ് ഞാനെന്നറിയാമോ?” എന്നാണ് പറഞ്ഞത്.
അടുത്തിടെ റെഡ്ഡിറ്റിലൂടെയാണ് വീഡിയോ ആദ്യം വൈറൽ ആയത്. തുടർന്ന് വർഷങ്ങൾക്ക് മുൻപ് പറഞ്ഞ വാക്കുകളിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് മൃണാൾ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടു.” 19 വയസ്സ് മാത്രമുണ്ടായിരുന്ന ഞാനെന്ന കൗമാരക്കാരി പല കാര്യങ്ങളും വെറുതെ പറഞ്ഞിട്ടുണ്ട്. അവയുടെയൊന്നും ഭാരമോ പ്രാധാന്യമോ മറ്റൊരാളുടെ മേൽ ഏൽപ്പിച്ചേക്കാവുന്ന മുറിവോ എനിക്കന്ന് മനസിലായില്ല. ഇപ്പോൾ ഞാനതിനു ക്ഷമ ചോദിക്കുകയാണ്” മൃണാൾ കുറിക്കുന്നു.
എന്നാൽ വിക്കിപ്പീഡിയ അനുസരിച്ച് മൃണാൾ അന്ന് ഒരു കൗമാരക്കാരിയല്ലായിരുന്നുവന്നും, 22 കാരിയായിരുന്ന നടിക്ക് പറ്റിയത് ചെറുപ്പത്തിന്റെ നാക്കുപിഴയല്ല എന്നുമെല്ലാം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആരെയും ബോഡി ഷെയിം ചെയ്യാൻ താൻ ഉദ്ദേശിച്ചിട്ടില്ല എന്നും പക്വതയായപ്പോൾ എല്ലാവരിലും സൗന്ദര്യം കാണാൻ തനിക്ക് സാധിക്കുന്നുണ്ട് എന്നും മൃണാൾ കൂട്ടിച്ചേർക്കുന്നു.