• Mon. Jul 20th, 2026

24×7 Live News

Apdin News

സ്പാനിഷ് കൊടുങ്കാറ്റിൽ മെസ്സിപ്പട തകർന്നു; ലോകകിരീടം സ്പെയിനിന്

Byadmin

Jul 20, 2026



സ്പാനിഷ് കൊടുങ്കാറ്റിൽ മെസ്സിപ്പട തകർന്നു; ലോകകിരീടം സ്പെയിനിന്

ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ അരങ്ങേറിയ നാടകീയത നിറഞ്ഞ ഫൈനൽ പോരാട്ടത്തിനൊടുവിൽ സ്പെയിൻ ലോകത്തിന്റെ നെറുകയിൽ! നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെത്തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ 1-0 ത്തിന് തകർത്താണ് സ്പെയിൻ 2026 ഫിഫ ലോകകപ്പിൽ മുത്തമിട്ടത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ (106-ാം മിനിറ്റ്) ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോളാണ് സ്പാനിഷ് പടയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്.

മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും സ്പെയിൻ തന്നെയായിരുന്നു മുന്നിൽ. കളിയിലുടനീളം സ്പെയിൻ ഉതിർത്ത മാരകമായ ഏഴോളം ഷോട്ടുകൾ പറന്നുതടുത്ത് അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് 'സൂപ്പർമാൻ' പ്രകടനവുമായി കോട്ട കാത്തെങ്കിലും 106-ാം മിനിറ്റിൽ ടോറസിന്റെ ഫിനിഷിംഗിന് മുന്നിൽ അർജന്റീനൻ പ്രതിരോധം അടിയറവ് പറയുകയായിരുന്നു. 94-ാം മിനിറ്റിൽ മധ്യനിര താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് 10 പേരുമായി ചുരുങ്ങിയത് അർജന്റീനയ്ക്ക് കനത്ത തിരിച്ചടിയായി.

ലയണൽ മെസ്സിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരമെന്ന നിലയിൽ ലോകമെമ്പടുമുള്ള അർജന്റൈൻ ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നെങ്കിലും, സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ തന്ത്രപരമായ ഗെയിം പ്ലാനിന് മുന്നിൽ അർജന്റീനയ്ക്ക് കിരീടം നിലനിർത്താനായില്ല. 2010-ന് ശേഷം സ്പെയിൻ നേടുന്ന രണ്ടാമത്തെ ലോകകപ്പ് കിരീടമാണിത്. യൂറോ കപ്പിന് പുറമെ ലോകകിരീടവും സ്വന്തമാക്കി ഫുട്ബോൾ ലോകത്തെ തങ്ങളുടെ അപ്രമാദിത്വം ഒരിക്കൽക്കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് സ്പാനിഷ് പട.

By admin