Posted By: Nri Malayalee
February 2, 2025
സ്വന്തം ലേഖകൻ: വീടിനുള്ളിലെ സ്റ്റെയർകേസിൽ നിന്ന് വീണ് യുകെ മലയാളിക്ക് ദാരുണാന്ത്യം. പീറ്റർബറോയിലെ സ്പാൾഡിങിൽ കുടുംബമായി താമസിച്ചിരുന്ന സോജൻ തോമസ് (49) ആണ് മരിച്ചത്. വീടിന്റെ മുകൾ നിലയിൽ നിന്നും സ്റ്റെയർ ഇറങ്ങവെ താഴെ വീണതിനെ തുടർന്ന് കഴുത്തിനേറ്റ ക്ഷതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
താഴെ വീണതിനെ തുടർന്നുള്ള ശബ്ദം കേട്ട് വീട്ടിൽ ഉണ്ടായിരുന്ന മക്കൾ ഓടിയെത്തി ആംബുലൻസ് സേവനം തേടി. അഞ്ച് മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തി പാരാമെഡിക്സ് ടീമിന്റെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 6.40നായിരുന്നു അപകടം.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയായ സോജൻ മോറിസൺസ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ് യുകെയിലെത്തിയത്. യുകെയിലെത്തിയിട്ട് ഒരു വർഷം തികയുന്നതിന് മുൻപാണ് അപകടമുണ്ടായത്.
കെയർഹോം ജീവനക്കാരിയായ സജിനിയാണ് ഭാര്യ. കാത്തി സോജൻ, കെവിൻ സോജൻ എന്നിവരാണ് മക്കൾ. രണ്ട് വർഷം മുൻപ് സജിനി യുകെയിൽ എത്തിയതിനെ തുടർന്നാണ് സോജനും മക്കളും യുകെയിൽ എത്തിയത്.
ചങ്ങനാശ്ശേരി പൊങ്ങന്താനം മുരണിപ്പറമ്പിൽ പരേതനായ തോമസ്, കത്രീനാമ്മ എന്നിവരാണ് മാതാപിതാക്കൾ. സജി, സുജ, സൈജു(യുകെ) എന്നിവരാണ് സഹോദരങ്ങൾ. കുറുമ്പനാടം അസംപ്ഷൻ സിറോ മലബാർ ചർച്ച് അംഗങ്ങളാണ് സോജന്റെ കുടുംബം. സംസ്കാരം നാട്ടിൽ നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.