• Fri. Nov 15th, 2024

24×7 Live News

Apdin News

സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ്; ഫീസ് കൂടും; വിദ്യാർഥികൾ സ്റ്റേറ്റ് സ്കൂളുകളിലേക്ക് – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 13, 2024


Posted By: Nri Malayalee
November 12, 2024

സ്വന്തം ലേഖകൻ: സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന 3000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ സ്റ്റേറ്റ് സ്‌കൂളുകളില്‍ ചേരാന്‍ അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ലേബര്‍ പാര്‍ട്ടിയുടെ ആദ്യ ബജറ്റില്‍ സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ് ഏര്‍പ്പെടുത്തിയതോടെ ഫീസില്‍ ഉണ്ടായ വര്‍ദ്ധനവാണ് ഇവരെ സ്വകാര്യ സ്‌കൂള്‍ വിടാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. പുതിയ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വകര്യ സ്‌കൂളുകളുടെ ഫീസിന് മേല്‍ 20 ശതമാനം വാറ്റ് ചുമത്തപ്പെടും ഇതോടെ, സ്‌കൂള്‍ ഫീസിന് ഉണ്ടായിരുന്ന നികുതി ഇളവ് ഒഴിവാകുകയാണ്.

ഈ നയത്തിനെ എതിര്‍ക്കുന്നവര്‍ പറയുന്നത് സ്‌കൂള്‍ ഫീസുകള്‍ക്ക് വാറ്റ് ഏര്‍പ്പെടുത്തുക വഴി ഓരോ കുട്ടിക്കും പ്രതിവര്‍ഷം ശരാശരി 2000 പൗണ്ട് അധികമായി നല്‍കേണ്ടി വരുമെന്നാണ്. കുരുന്നു മനസ്സുകളുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മേല്‍ ചുമത്തിയ നികുതി എന്നാണ് ഇതിനെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്. മാത്രമല്ല, ഇതുകാരണം കൂടുതല്‍ കൂടുതല്‍ മാതാപിതാക്കള്‍, കുട്ടികളെ സ്റ്റേറ്റ് സ്‌കൂളുകളിലേക്ക് അയയ്ക്കാന്‍ നിര്‍ബന്ധിതരാവും എന്നും അവര്‍ പറയുന്നു. ഇത് സ്റ്റേറ്റ് സ്‌കൂളുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും അത് വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും അവര്‍ പറയുന്നു.

ഇംഗ്ലണ്ടിലെയും സ്‌കോട്ട്‌ലാന്‍ഡിലെയും, വെയ്ല്‍സിലെയും 124 ലോക്കല്‍ കൗണ്‍സിലുകള്‍ക്കായി ഇതുവരെ 3,011 അപേക്ഷകളാണ് സ്റ്റേറ്റ് സ്‌കൂളില്‍ ചേരാനായി ലഭിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം ദി ടെലെഗ്രാഫ് ശേഖരിച്ച ഈ രേഖയില്‍ പറയുന്നത്, 83 ഓളം കൗണ്‍സിലുകള്‍ ആവശ്യപ്പെട്ട രേഖ തരാതിരിക്കുകയോ, തങ്ങളുടെ കൈവശം ഇല്ലെന്ന് പറയുകയോ ആയിരുന്നു എന്നാണ്. അതായത്, സ്വകാര്യ സ്‌കൂളുകള്‍ വിട്ട് സ്റ്റേറ്റ് സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കാം എന്നര്‍ത്ഥം.

ഈ കണക്കിന് പുറമെ, ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍സ് കൗണ്‍സില്‍ അവരുടെ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ 2500 കുട്ടികള്‍ വരുന്ന ജനുവരിയില്‍ സ്‌കൂള്‍ വിടാന്‍ അപേക്ഷ നല്‍കിയതായും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നയം കാരണം സ്വകാര്യ സ്‌കൂളുകളില്‍ നിന്നും എത്രമാത്രം കുട്ടികള്‍ വിട്ടുപോകുമെന്ന് കണക്കാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് ഐ എസ് സി കുറ്റപ്പെടുത്തുന്നത്. അതിനിടയില്‍ ചില സ്വകാര്യ സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നതായ റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

By admin