• Wed. May 7th, 2025

24×7 Live News

Apdin News

സ്വതന്ത്ര വ്യാപാര കരാറിലും ഇരട്ട നികുതി ഒഴിവാക്കൽ ഉടമ്പടിയിലും ഇന്ത്യ – യുകെ ധാരണ

Byadmin

May 7, 2025





ന്യൂഡൽഹി: ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ഒടുവിൽ ഇന്ത്യയും യു കെയും സ്വതന്ത്ര വ്യാപാര കരാറിലും ഇരട്ട നികുതി ഒഴിവാക്കൽ ഉടമ്പടിയിലും ധാരണയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുകെ പ്രധാനമന്ത്രി സർ കീർ സ്റ്റാർമറുമായി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. അഭിലഷണീയവും പരസ്പര പ്രയോജനകരവുമായ സ്വതന്ത്ര വ്യാപാര കരാറും ഇരട്ട നികുതി ഒഴിവാക്കൽ ഉടമ്പടിയും വിജയകരമായി പൂർത്തിയാക്കിയതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

സമഗ്രവും തന്ത്രപരവുമായ ഉഭയകക്ഷി പങ്കാളിത്തത്തിലെ നാഴികക്കല്ലാണ് ഈ കരാറുകളെന്ന് നേതാക്കൾ വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകളിൽ വ്യാപാരം, നിക്ഷേപം, നവീന ആശയങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയതും തുറന്നതുമായ കമ്പോള സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഈ സുപ്രധാന കരാറുകൾ ബിസിനസ്സുകൾക്ക് പുതിയ അവസരങ്ങൾ തുറക്കുകയും സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയും ചെയ്യുമെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകളുമായി സഖ്യങ്ങൾ ശക്തിപ്പെടുത്തുകയും വ്യാപാര തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യുന്നത് ശക്തവും സുരക്ഷിതവുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള തങ്ങളുടെ പദ്ധതിയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി സ്റ്റാർമർ പറഞ്ഞു. പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി സ്റ്റാർമറെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. നേതാക്കൾ പരസ്പരം ബന്ധം പുലർത്താനും സമ്മതിച്ചു.



By admin