മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസി ഓപണ്‍ഹൗസ് സംഘടിപ്പിച്ചു. അംബാസഡര്‍ വിനോദ് കെ. ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ നാല്‍പതിലധികം ഇന്ത്യന്‍ പൗരന്മാര്‍ പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ സൗകര്യമുണ്ടായിരുന്നു. എംബസിയുടെ കമ്യൂണിറ്റി വെല്‍ഫെയര്‍, കോണ്‍സുലാര്‍ ടീമുകളും പാനല്‍ അഭിഭാഷകരും സന്നിഹിതരായിരുന്നു.
ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തില്‍ ആഗസ്റ്റ് 15ന് എംബസി പരിസരത്ത് രാവിലെ നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പൗരന്മാരെ അംബാസഡര്‍ ക്ഷണിച്ചു. വിവിധ കാരണങ്ങളാല്‍ ദുരിതത്തിലായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസി നല്‍കിയ സഹായം അംബാസഡര്‍ വ്യക്തമാക്കി. നാട്ടിലേക്ക് മടങ്ങാന്‍ സഹായം ആവശ്യപ്പെട്ട ഒരു സ്‌ട്രെച്ചര്‍ രോഗിയുടെ യാത്രാചെലവും കൂടാതെ, ദീര്‍ഘകാലം ബഹ്റൈനില്‍ കുടുങ്ങിയ നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് വിമാന ടിക്കറ്റുകളും യാത്രാരേഖകളും എംബസി ലഭ്യമാക്കി.
കഴിഞ്ഞ ഓപണ്‍ ഹൗസില്‍ ഉന്നയിച്ച മിക്ക കേസുകളും ഇതിനകം പരിഹരിച്ചതായും എംബസി അറിയിച്ചു. കോണ്‍സുലാര്‍, കമ്യൂണിറ്റി ക്ഷേമ വിഷയങ്ങളില്‍ കൃത്യസമയത്ത് സഹായം നല്‍കിയതിന് ബഹ്റൈന്‍ സര്‍ക്കാറിന്റെ, പ്രത്യേകിച്ച് തൊഴില്‍ മന്ത്രാലയം, എല്‍എംആര്‍എ, ഇമിഗ്രേഷന്‍ അധികൃതര്‍ എന്നിവരുടെ സഹകരണത്തിന് അംബാസഡര്‍ നന്ദി പറഞ്ഞു.
ഓപണ്‍ ഹൗസില്‍ സജീവമായി പങ്കെടുത്തതിനും ചര്‍ച്ച ചെയ്ത കേസുകള്‍ അവലോകനം ചെയ്യുന്നതില്‍ തുടര്‍ച്ചയായി പിന്തുണ നല്‍കിയതിനും എംബസിയുടെ പാനല്‍ അഭിഭാഷകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ, പ്രയാസത്തിലായ ഇന്ത്യന്‍ പ്രവാസികളെ സഹായിക്കുന്നതില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പ്രതിബദ്ധതയെയും അംബാസഡര്‍ അഭിനന്ദിച്ചു.
The post സ്വാതന്ത്ര്യദിനത്തില്‍ പങ്കെടുക്കാന്‍ സ്വാഗതം ചെയ്ത് ഇന്ത്യന്‍ അംബാസഡര്‍; ഓപണ്‍ഹൗസ് സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.