• Sun. Jun 21st, 2026

24×7 Live News

Apdin News

സ്വിഗി, സോമാറ്റോ ഡെലിവറിക്കാർ സൂക്ഷിക്കുക! ലഹരി വില്പന നടത്തുന്നു എന്ന് പരാതി ഉണ്ട്‌, ഈ പരിപാടി നിർത്തണം: മുന്നറിയിപ്പുമായി രമേശ്‌ ചെന്നിത്തല

Byadmin

Jun 21, 2026


തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വ്യാപനവുമായി ബന്ധപ്പെട്ട പരാതികള്‍ ശക്തമാകുന്നതിനിടെ, ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ഡെലിവറിക്കാര്‍ ലഹരി വില്പന നടത്തുന്നു എന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇനി ഇത് തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

ഓപ്പറേഷൻ തൂഫാൻ കേസുകളിൽ യാതൊരു തരത്തിലുള്ള ശിപാര്‍ശയും അനുവദിക്കരുതെന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം കൃത്യമായി നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിനൊപ്പം, ആംബുലന്‍സുകള്‍ ഉപയോഗിച്ച് ലഹരി കടത്തുന്നുവെന്ന പരാതികളും ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇത്തരം വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വ്യക്തമാക്കി.

ജനങ്ങളുടെ സജീവ പങ്കാളിത്തത്തെയും മന്ത്രി സ്വാഗതം ചെയ്തു. “ലഹരിക്കെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ തന്നെ ‘തൂഫാന്‍ വാരിയേഴ്‌സ്’ ആയി മാറണം,” എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

മൂന്ന് ഘട്ടങ്ങളിലായി ഓപ്പറേഷൻ തൂഫാൻ

ലഹരി നിർമാർജനത്തിനായി മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊലീസിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനകളും റെയ്‌ഡുകളും ഉൾപ്പെടുന്ന ‘തൂഫാൻ സ്ട്രൈക്‌സ്’ ആണ് ഒന്നാം ഘട്ടം. ഇതിനകം തന്നെ 15 കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും മയക്കുമരുന്നുകളും പിടികൂടിയിട്ടുണ്ട്.

സമൂഹത്തിലെ ഓരോ വ്യക്തിയെയും ലഹരിക്കെതിരായ പോരാളിയാക്കി മാറ്റുന്ന ‘തൂഫാൻ വാരിയർ’ ആണ് രണ്ടാമത്തെ ഘട്ടം. ഇതിൻ്റെ ഭാഗമായി സിനിമാതാരം മോഹൻലാല്‍, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അടക്കം മത-സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ തൂഫാൻ വാരിയറായി മാറി. ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ‘തൂഫാൻ കെയർ’ ആണ് മൂന്നാം ഘട്ടം. ഇതിനായി മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ നിരവധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

By admin