Posted By: Nri Malayalee
January 31, 2025
സ്വന്തം ലേഖകൻ: 2023-ല്‍ സ്വീഡനില്‍ ഖുറാന്‍ ആവര്‍ത്തിച്ച് കത്തിച്ച് ആഗോളതലത്തില്‍ വിവാദം സൃഷ്ടിച്ച ഇറാഖി സ്വദേശി സാല്‍വാന്‍ മോമിക വെടിയേറ്റ് മരിച്ചു. അന്താരാഷ്ട്രി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം മുമ്പു നടന്ന വെടിവെപ്പിലാണ് മോമിക കൊല്ലട്ടെതെന്ന് പോലീസ് സ്ഥിരീകരിച്ചു.
വിവാദമായ പ്രതിഷേധങ്ങളിലൂടെ വംശീയ വിദ്വേഷം വളര്‍ത്തിയതിന് മോമിക സ്റ്റോക്ക്‌ഹോമില്‍ വിചാരണ നേരിടുകയായിരുന്നു. കോടതി ഇന്നു വിധി പറയാന്‍ മാറ്റിവച്ചിരിക്കെയാണ് മോമികയുടെ അന്ത്യം. 37 കാരനായ മോമിക കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വീഡനില്‍ നിരവധി തവണ ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥം കത്തിക്കുകയും അവഹേളിക്കുകയും ചെയ്തിട്ടുണ്ട്.
മോമിക ഖുറാന്‍ കത്തിച്ചതിന്റെ വീഡിയോകള്‍ ലോകമെമ്പാടും പ്രചാരം നേടുകയും നിരവധി മുസ്ലീം രാജ്യങ്ങളില്‍ രോഷവും വിമര്‍ശനവും ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇത് പലയിടത്തും കലാപങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമായിരുന്നു.
തുര്‍ക്കിയില്‍ മോമികയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി വിമര്‍ശനം നേരിട്ടിരുന്നു. വംശീയ സമൂഹങ്ങള്‍ക്കെതിരായ പ്രേരണാ കുറ്റം ചുമത്തി സ്വീഡിഷ് അധികാരികളുടെ അന്വേഷണത്തിലായിരുന്നു മോമിക.