Posted By: Nri Malayalee
November 11, 2024
സ്വന്തം ലേഖകൻ: സൗത്ത് വെയില്‍സിലെ അബഗവനി നഗരത്തില്‍ മാജിക് കോട്ടേജ് എന്ന സ്ഥാപനത്തില്‍ പടര്‍ന്ന തീ കെടുത്താന്‍ അഗ്‌നിശമന സേന പെടാപാട് പെടുകയാണ്. ഏറെ വിലക്കുറവില്‍ സെക്കന്‍ഡ് ഹാന്‍ഡ് ഫര്‍ണീച്ചറുകള്‍ വില്‍ക്കുന്ന ഈ സ്ഥാപനം ബ്രിട്ടനില്‍ മലയാളികള്‍ക്കിടയിലും ഏറെ പ്രിയങ്കരമായ ഒരു സ്ഥാപനമാണ്.
ടൗണ്‍ സെന്ററിന്റെ മധ്യത്തില്‍, ടെസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍ വശത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. എട്ടുമണിക്ക് ആരംഭിച്ച തീ ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയം വരെ കെടുത്താനായിട്ടില്ല. പന്ത്രണ്ടോളം ആംബുലന്‍സുകള്‍ അടങ്ങുന്ന ത്വരിത കര്‍മ്മ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
മാജിക് കോട്ടേജില്‍ ആരംഭിച്ച അഗ്‌നിബാധ തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും പടരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എട്ടുമണിയോടെ ആളിക്കത്താന്‍ തുടങ്ങിയ തീ, അഗ്‌നിശമന പ്രവര്‍ത്തകര്‍ ഏറെ ശ്രമിച്ചിട്ടും ഇപ്പോഴും അതേ തീവ്രതയില്‍ തന്നെ തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമീപത്ത് താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവരോട് വീടുകള്‍ ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ന് സ്‌കൂള്‍ പ്രവൃത്തി ദിനമായതിനാല്‍ ഈ നിര്‍ദ്ദേശം പല കുടുംബങ്ങളെയും കടുത്ത ആശങ്കയിലാക്കിയിട്ടുമുണ്ട്. നിരവധി മലയാളികള്‍ താമസിക്കുന്ന പ്രദേശമായതിനാല്‍, ബ്രിട്ടനിലെ മലയാളി സമൂഹവും ഈ തീപിടുത്തം ആശങ്കയോടെയാണ് നോക്കി കാണുന്നത്.
ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, കടുത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ഇതുവരെ ഏഴോളം സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയായി എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ഭാഗത്ത് ഏറ്റവും അധികം താമസിക്കുന്ന കുടിയേറ്റ വംശജര്‍ മലയാളികളാണെന്ന് പറയപ്പെടുന്നു.
രാത്രി ഉറങ്ങുന്ന സമയത്താണ് പലര്‍ക്കും ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് ലഭിക്കുന്നത്. ഉറങ്ങുന്ന കുട്ടികളെയും കൊണ്ട് വീട് ഒഴിഞ്ഞു പോകുന്നതെങ്ങനെ എന്ന ആശങ്കയും കനത്തിട്ടുണ്ട്. മാത്രമല്ല, നാളെ സ്‌കൂളുകള്‍ ഉണ്ടെന്നുള്ളതും ഇവരെ കൂടുതല്‍ ആശങ്കയിലാക്കുന്നു. ഏതായാലും, മലയാളി സമൂഹം ഒന്നടങ്കം സഹായവുമായി ഇറങ്ങിയിട്ടുള്ളത് വലിയൊരു ആശ്വാസമാണ്.