• Tue. Feb 4th, 2025

24×7 Live News

Apdin News

സൗദി പ്രവാസികള്‍ക്ക് ഇനി നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വാട്ട്‌സാപ്പ് വഴി വിളിക്കാം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Feb 4, 2025


Posted By: Nri Malayalee
February 3, 2025

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് ഇനി നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വാട്ട്‌സാപ്പ് വഴി വിളിക്കാം. വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം വാട്ട്‌സാപ്പില്‍ വോയ്സ്, വീഡിയോ കോളിംഗ് സൗകര്യങ്ങള്‍ ആക്ടവേറ്റ് ചെയ്യപ്പെട്ടതായി സൗദിയിലെ നിരവധി വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ അറിയിച്ചു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ഈ സൗകര്യം സ്ഥിരമായ സംവിധാനമാണോ അതോ താല്‍ക്കാലിക പരീക്ഷണമാണോ എന്നതിനെക്കുറിച്ചും ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഔദ്യോഗിക അറിയിപ്പില്ലാതെ കോള്‍ സൗകര്യങ്ങള്‍ ആക്ടിവേറ്റ് ആയത് പരീക്ഷണാര്‍ഥമാണെന്നാണ് പൊതുവായ വിലയിരുത്തല്‍.

ടെലികമ്മ്യൂണിക്കേഷനും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറും മെച്ചപ്പെടുത്തുന്നതിനും ഉപയോക്താക്കള്‍ക്കുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുമായി ഈ നീക്കം യോജിക്കുന്നുവെന്ന് സാങ്കേതിക വിദഗ്ധന്‍ അബ്ദുല്ല അല്‍ സുബാഈ അഭിപ്രായപ്പെട്ടു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനുകളില്‍ ഒന്നായ വാട്ട്സ്ആപ്പ് 2015ല്‍ വോയ്സ് കോളുകളും 2016 ല്‍ വീഡിയോ കോളുകളും അവതരിപ്പിച്ചിരുന്നു.

എന്നാല്‍ ഇവയ്ക്ക് സൗദി ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. നിയന്ത്രണങ്ങള്‍ക്ക് ഇടയിലും ഇടയ്ക്കിടെ കുറച്ചു കാലത്തേക്ക് ഇതിനു മുമ്പും ഈ സൗകര്യങ്ങള്‍ വാട്ട്‌സാപ്പില്‍ ലഭ്യമായിരുന്നുവെങ്കിലും വീണ്ടും അവ ഡീആക്ടിവേറ്റ് ചെയ്യപ്പെട്ടതായാണ് അനുഭവം.

2024 മാര്‍ച്ചില്‍, വാട്ട്‌സാപ്പ് വോയ്‌സ്, വീഡിയോ കോളുകള്‍ക്കുള്ള നിരോധനം നീക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും സൗദി അറേബ്യയുടെ കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്‍ഡ് ടെക്നോളജി കമ്മീഷന്‍ ഇക്കാര്യം പിന്നീട് നിഷേധിക്കുകയായിരുന്നു.

രാജ്യത്ത് വാട്ട്സ്ആപ്പ് കോളുകള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ലെന്ന് മന്ത്രാലയം അറിയിക്കുകയായിരുന്നു. ഏതായാലും ഇത്തവണ ശുഭപ്രതീക്ഷയിലാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സൗദിയിലെ വാട്ട്‌സാപ്പ് ഉപയോഗ്താക്കള്‍. ഈ നിയന്ത്രണം നീക്കിയ നടപടി തുടരുകയാണെങ്കില്‍ ചെലവില്ലാതെ നാട്ടിലേക്ക് വിളിക്കാനും വീഡിയോ കോള്‍ വഴി ഉറ്റവരെയും ഉടയവരെയും നേരില്‍ക്കണ്ട് സംസാരിക്കാനും ഇത് അവസരം നല്‍കും.

By admin