ന്യൂഡൽഹി∙ ഇന്ത്യ–പാക് അതിർത്തി മേഖലയായ സർ ക്രീക്കിൽ ഇന്ത്യൻ സേനാവിഭാഗങ്ങൾ സംയുക്ത സൈനികാഭ്യാസം ‘ത്രിശൂൽ’ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി പാക്കിസ്ഥാൻ. ഒക്ടോബർ 28, 29 ദിവസങ്ങളിലാണ് മധ്യ, തെക്കൻ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന്റെ കാരണം പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല. അതേസമയം, സൈനികാഭ്യാസത്തിനോ ആയുധപരീക്ഷണത്തിനോ ഉള്ള സാധ്യതയാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ഒക്ടോബർ 30 മുതൽ നവംബർ 10 വരെയാണ് ഇന്ത്യ–പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്കിൽ ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസമായ ‘ത്രിശൂൽ’ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നോട്ടാം (വൈമാനികർക്കുള്ള മുന്നറിയിപ്പ്) ഇന്ത്യ പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനും നോട്ടാം മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യയുടെ കര–വ്യോമ–നാവികസേനകൾ ശക്തിപ്രകടനത്തിന്റെ ഭാഗമായാണ് സർ ക്രീക്കിൽ സൈനികാഭ്യാസത്തിനൊരുങ്ങുന്നത്. സൈനികാഭ്യാസങ്ങൾ സാധാരണമായി നടത്താറുള്ളതാണ്. എന്നാൽ, ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യയുടെ ഓരോ സൈനിക നടപടിയും പാക്കിസ്ഥാൻ ഉത്കണ്ഠയോടെ കാണുന്നതിന്റെ ഭാഗമായാണ് വ്യോമപാതയിൽ നിയന്ത്രണം വരുത്തി നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചത് എന്നാണ് വിലയിരുത്തൽ.
നേരത്തെ, സർ ക്രീക്ക് കേന്ദ്രീകരിച്ച് സൈനികവിന്യാസം നടത്തുന്ന പാക്കിസ്ഥാന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കടുത്ത മുന്നറിയിപ്പു നൽകിയിരുന്നു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കത്തിനും ചരിത്രവും ഭൂമിശാസ്ത്രവും മാറ്റുന്ന തരത്തിലുള്ള മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗുജറാത്തിൽ ഇന്ത്യ– പാക്ക് അതിർത്തിയിലെ 96 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ചതുപ്പുമേഖലയാണ് സർ ക്രീക്ക്. സർ ക്രീക്കിന് മധ്യത്തിലൂടെയാണ് അതിർത്തിയെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോൾ, സർ ക്രീക്കിന് കിഴക്കുഭാഗത്തായി ഇന്ത്യൻ പ്രദേശത്താണ് അതിർത്തിയെന്നാണ് പാക്കിസ്ഥാന്റെ വാദം.