
ടെൽ അവീവ്: വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ നാല് ബന്ദികളുടെ മൃതദേഹങ്ങളിൽ ഷിരി ബിബാസിന്റേതില്ലെന്ന് ഇസ്രയേൽ അധികൃതർ. കൈമാറിയ മൃതദേഹങ്ങളുടെ ഫോറൻ സിക് പരിശോധനയ്ക്ക് ശേഷമാണ് ഇസ്രയേലിന്റെ ആരോപണം. ഹമാസ് നടത്തിയത് വെടിനിർത്തക്കി കരാർ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ക്രൂരതയ്ക്ക് കനത്ത വിലനൽകേണ്ടി വരുമെന്നും വ്യക്തമാക്കി.
ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേലിൽ നടന്ന പ്രക്ഷോഭങ്ങളുടെ പ്രതീകമായിരുന്നു 32-കാരിയായ ഷിരി ബിബാസും മക്കളും. 2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേൽ ആക്രമിച്ച് അവിടെനിന്നും തട്ടിക്കൊണ്ടുപോയ 32-കാരിയായ ഷിരി ബിബാസ്, മക്കളായ ഒൻപതുമാസംമാത്രം പ്രായമുണ്ടായിരുന്ന കഫിർ , നാലുവയസ്സുകാരൻ ഏരിയൽ എന്നിവരുടെയും 84-കാരനായ ഒദെദ് ലിഫ്ഷിറ്റ്സിന്റെയും ശരീരാവശിഷ്ടങ്ങളെന്ന് അവകാശപ്പെട്ടാണ് കഴിഞ്ഞദിവസം ഖാൻ യൂനിസിൽ വൻ ജനാവലിയെ സാക്ഷിനിർത്തി ഹമാസ് റെഡ്ക്രോസിന് വിട്ടുനൽകിയത്.
എന്നാൽ ഷിരി ബിബാസിന്റേതെന്ന് അവകാശപ്പെട്ട് കൈമാറിയ മൃതദേഹം അവരുടേതല്ലെന്നാണ് ഇസ്രയേൽ പറയുന്നത്. ഇവരുടെ മക്കളുടേതടക്കം മറ്റു മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
ഷിരി ബിബാസിന്റേതെന്ന് അവകാശപ്പെട്ട് നൽകിയ നാലാമത്ത മൃതദേഹം അവരുടേതുമല്ല ഇസ്രയേലി ബന്ദികളിൽ ആരുടേതുമല്ലെന്നാണ് നെതന്യാഹു അറിയിച്ചത്. ഒരു ഗാസൻ സ്ത്രീയുടെ മൃതദേഹം ശവപ്പെട്ടിയിലാക്കി അയക്കുകയാണ് ഹമാസ് ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇസ്രയേലിന്റെ ആരോപണം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ ഹമാസ്, ഷിരി ബബാസിന്റെ മൃതദേഹം ഇസ്രയേലി വ്യോമാക്രമണത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ മറ്റുചില മൃതദേഹങ്ങളുമായി കൂടിചേർന്ന നിലയിലായിരുന്നുവെന്നും അറിയിച്ചു.
ഇസ്രയേൽ ബോബാക്രമണത്തിലാണ് ഷിരി ബിബാസും മക്കളും കൊല്ലപ്പെട്ടതെന്നും ഹമാസ് ആരോപിച്ചു. എന്നാൽ ഇത് നിഷേധിച്ച ഇസ്രയേൽ നവംബറിൽ ഹമാസ് തീവ്രവാദികൾ കുട്ടികളെ ക്രൂരമായി കൊല്ലുകയായിരുന്നുവെന്നും പ്രതികരിച്ചു. ഷിരി ബിബാസ് ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റു ബന്ദികൾ ക്കൊപ്പം അവരെ ഹമാസ് കൈമാറിയേ മതിയാകൂവെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ഞങ്ങളുടെ എല്ലാ ബന്ദികളും ഒപ്പം ഷിരിയേയും വീട്ടിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കും. കരാറിന്റെ ക്രൂരവും തിന്മ നിറഞ്ഞതുമായ ഈ ലംഘനത്തിന്റെ മുഴുവൻ വിലയും ഹമാസ് നൽകേണ്ടി വരുമെന്ന് ഉറപ്പാക്കുകയും ചെയ്യും നെതന്യാഹു പറഞ്ഞു. ഷിരി ബിബാസിന്റെ ഭർത്താവ് യാർദെൻ ബിബാസിനെ ഫെബ്രുവരി ഒന്നിന് ഹമാസ് വിട്ടയച്ചിരുന്നു.