• Tue. Apr 1st, 2025

24×7 Live News

Apdin News

ഹാര്‍ലി-ഡേവിസണ്‍, ബര്‍ബന്‍ വിസ്കി, കാലിഫോര്‍ണിയന്‍ വൈന്‍: ഇറക്കുമതിത്തീരുവ ഇന്ത്യ കുറച്ചേക്കും

Byadmin

Mar 26, 2025


ന്യൂഡൽഹി: യു.എസുമായുള്ള വ്യാപാരബന്ധം കൂടുതൽ സൗഹാർദപരവും ദൃഢവുമാക്കാൻ കൂടുതൽ ഉത്പന്നങ്ങൾക്ക് ഇറക്കുമതിത്തീരുവയിൽ ഇളവു നൽകുന്നത് പരിഗണിച്ച് ഇന്ത്യ. യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഹാർലി-ഡേവിസൺ ബൈക്കുകൾ, ബർബൻ വിസ്കി, കാലിഫോർണിയൻ വൈൻ എന്നിവയ്ക്കുള്ള ഇറക്കുമതിത്തീരുവയിൽ കൂടുതൽ ഇളവ് അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. യു.എസുമായി നടത്തിവരുന്ന വ്യാപാര ചർച്ചകളുടെ ഭാഗമായാണ് നടപടി. ഉഭയകക്ഷിബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ചില ഉത്പന്നങ്ങൾക്ക് കൂടുതൽ ഇറക്കുമതിത്തീരുവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലാണ് ഇരുരാജ്യങ്ങളുമെന്നാണ് റിപ്പോർട്ട്.

ഹാർലി-ഡേവിസൺ ബൈക്കുകളുടെ ഇറക്കുമതിത്തീരുവ അൻപത് ശതമാനത്തിൽ നിന്ന് നാൽപത് ശതമാനമായി കേന്ദ്രസർക്കാർ നേരത്തേ കുറച്ചിരുന്നു. വിപണിയിൽ ആവശ്യക്കാർക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനായി ഹാർലി ഡേവിസൺ ബൈക്കുകളുടെ ഇറക്കുമതിത്തീരുവയിൽ കൂടുതൽ ഇളവ് നൽകുന്നതുമായുള്ള ചർച്ചകൾ നടന്നുവരികയാണ്. ബർബൻ വിസ്കിയുടെ വിഷയത്തിലും സമാനമായ വിധത്തിൽ കേന്ദ്രസർക്കാർ ഇളവനുവദിച്ചിരുന്നു. 150 ശതമാനത്തിൽ നിന്ന് 100 ശതമാനമായാണ് ബർ ബൻ വിസ്കിയുടെ ഇറക്കുമതിത്തീരുവയിൽ ഇന്ത്യ നേരത്തെ ഇളവ് നൽകിയത്. ഇളവ് ഇനിയും വർധിപ്പിക്കുന്ന കാര്യം കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. കാലിഫോർണിയൻ വൈനിന്റെ കാര്യവും പരിഗണനയിലുണ്ടെന്നാണ് സൂചന.

                                                                                                                                                           ഇരുചക്രവാഹനങ്ങൾക്കും മദ്യത്തിനും മാത്രമല്ല യു.എസിൽ  നിന്നുള്ള ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കും രാസവസ്തുക്കൾക്കും ഇറക്കുമതിത്തീരുവയിൽ  ഇളവനുവദിക്കുന്ന കാര്യവും ഉഭയകക്ഷിചർച്ചയിൽ ഉള്ളപ്പെടുന്നുണ്ട്. ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ  മേഖലയിൽ യു.എസിന്റെ താൽപര്യം വ്യക്തമാണ്. അതേസമയം യു.എസ്. വിപണിയിൽ  കൂടുതൽ  നേട്ടങ്ങളുണ്ടാക്കാനുള്ള ലക്ഷ്യത്തിലാണ് ഇന്ത്യ. അതിനാൽ ത്തന്നെ ഇരുരാജ്യങ്ങളും കൂടുതൽ  വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കുമെന്നാണ് വിലയിരുത്തൽ.

യു.എസിൽ നിന്നുള്ള ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ പ്രകടമായ മാറ്റമാണ് അടുത്തകാലത്ത് ഉണ്ടായിട്ടുള്ളത്. 2020-21 ൽ 2,26,728.33 ലക്ഷം രൂപയുടെ ഇറക്കുമതിയായിരുന്നു ഉണ്ടായത്. 2021-22 ൽ ഇത് 78.8% വർധിച്ച് 4,05,317.35 ലക്ഷം രൂപയുടെ ഇറക്കുമതി ഉണ്ടായി. 2022-23 ൽ 27.5% കുറഞ്ഞ് 2,93,642.57 ലക്ഷം രൂപയുടെ ഇറക്കുമതിയാണ് നടന്നത്. 2023 ൽ ഈ പ്രവണത വീണ്ടും മാറി, 10.8% വർധിച്ച് 3,25,500.17 ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തു.

പരിഗണനയിലുള്ള തരത്തിലുള്ള തീരുവയിളവ് നടപ്പിലാക്കുന്നപക്ഷം ഇന്ത്യൻ വിപണിയിൽ ഹാർലി-ഡോവിസൺ ബൈക്കുകളുടെ വിൽപന വർധിക്കും. ബർബൻ വിസ്കിയുടേയും കാലിഫോർണിയൻ വൈനിന്റേയും ഇറക്കുമതിത്തീരുവ കുറയ്ക്കുന്നത് ആഭ്യന്തരമദ്യവിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചേക്കും. അതേസമയം ആഗോള ജനറിക് മെഡിസിൻ വിപണിയിൽ മേൽക്കൈയുള്ള ഇന്ത്യൻ ഫാർ മസ്യൂട്ടിക്കൽ മേഖലയെ യു.എസ്. ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കനുവദിക്കുന്ന തീരുവയിളവ് പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

By admin