• Thu. Oct 30th, 2025

24×7 Live News

Apdin News

‘ഹാലോ’ എന്നാണ് അവന്റെ പേര്, മിസിംഗ് ആണ്; വിവരം നല്‍കിയാല്‍ 20000 ഡോളര്‍ തരും, പാരിതോഷികവുമായി വെല്‍ഷ് മീഡ്ഫീല്‍ഡര്‍

Byadmin

Oct 29, 2025



‘ഹാലോ’ എന്നാണ് അവന്റെ പേര്, മിസിംഗ് ആണ്; വിവരം നല്‍കിയാല്‍ 20000 ഡോളര്‍ തരും, പാരിതോഷികവുമായി വെല്‍ഷ് മീഡ്ഫീല്‍ഡര്‍

മുന്‍ ആര്‍സനല്‍ മിഡ്ഫീല്‍ഡറും വെയ്ല്‍സിന്റെ ദേശീയ താരവുമായ ആരോണ്‍ റാംസി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ‘വിലയേറിയ’ ഒരു കുറിപ്പാണ് ഇപ്പോള്‍ സോക്കര്‍ ലോകത്തെ ചര്‍ച്ച. നിലവില്‍ മെക്‌സിക്കന്‍ ലീഗായ ലിഗ എംഎക്‌സില്‍ പ്യൂമാസ് യുഎന്‍എഎഎം ടീമില്‍ കളിച്ചു വരുന്ന താരത്തിന്റെ വളര്‍ത്തുനായയെ കാണാതായതാണ് കുറിപ്പിന് ആധാരം. തന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗമായ ‘ഹാലോ’യുടെ തിരോധാനത്തോടെ റാംസി തീര്‍ത്തും നിരാശയിലാണ്. ഈ നിരാശയാകെ നിറയുന്നതാണ് കുറിപ്പെങ്കിലും ഹാലോയോടുള്ള ഇഷ്ടം എത്രത്തോളമെന്ന് വ്യക്തമാക്കുന്നുമുണ്ട്. മധ്യ മെക്‌സിക്കോയിലെ സാന്‍ മിഗുവല്‍ ഡി അലെന്‍ഡെ പട്ടണത്തില്‍ ഹാലോയെ കാണാതായതായി ആരോണ്‍ റാംസി കുറിപ്പില്‍ വ്യക്തമാക്കുന്നു. താനും കുടുംബവും ഹൃദയം തകര്‍ന്നിരിക്കുകയാണ്. അവനെ കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമാക്കുന്നവര്‍ക്ക് ഇരുപതിനായിരം യുഎസ് ഡോളര്‍ (ഏകദേശം 1765000 ത്തിലധികം ഇന്ത്യന്‍ രൂപ) തരും. അത്രയും പ്രിയപ്പെട്ടവനാണ് ഹാലോ എന്നാണ് 34 കാരനായ വെല്‍ഷ് മിഡ്ഫീല്‍ഡര്‍ വ്യക്തമാക്കുന്നത്.

മെക്‌സിക്കോയും വെയില്‍സും കടന്ന് റാംസെയുടെ കുറിപ്പ് അതിവേഗം വൈറലായിരിക്കുകയാണ്. നിരവധി ആരാധകരാണ് പോസ്റ്റിനടിയില്‍ അദ്ദേഹത്തോടുള്ള സഹതാപവും പിന്തുണയും വ്യക്തമാക്കി കമന്റുകള്‍ ഇടുന്നത്. അതേ സമയം ആരോണ്‍ റാംസിയുടെ മെക്‌സിക്കോയിലേക്കുള്ള കൂടുമാറ്റം പുതിയ തുടക്കം കുറിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നെങ്കിലും വേണ്ടത്ര തിളങ്ങാന്‍ അദ്ദേഹത്തിനായിട്ടില്ല. ഈ വര്‍ഷം ആദ്യമാണ് റാംസി പ്യൂമാസ് യുഎന്‍എഎഎമ്മില്‍ ചേര്‍ന്നത്.

By admin