Posted By: Nri Malayalee
December 24, 2024
സ്വന്തം ലേഖകൻ: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ വധിച്ചത് തങ്ങളാണെന്ന് ആദ്യമായി സമ്മതിച്ച് ഇസ്രയേല്‍. ജൂലൈയില്‍ ഇറാനിലെ ടെഹ്‌റാനില്‍ വെച്ചാണ് ഹനിയയെ വധിച്ചതെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചു. ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇസ്രയേല്‍ ഭരണകൂടം ഇത് പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല.
ഹിസ്ബുള്ള നേതാക്കളെ വധിച്ചതും സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തെ താഴെയിറക്കാന്‍ സഹായിച്ചതും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതും തങ്ങളാണെന്നും ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി. യെമനിലെ ഹൂതി വിമതര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ഇസ്രയേലിനു നേരെ മിസൈല്‍ ആക്രമണം നടത്തുന്ന ഹൂതി തീവ്രവാദ സംഘടനയോട് ഒരു കാര്യം വ്യക്തമാക്കാനുണ്ട്. ഞങ്ങള്‍ ഹമാസിനെ പരാജയപ്പെടുത്തി. ഹിസ്ബുള്ളയെ പരാജയപ്പെടുത്തി. ഇറാന്റെ പ്രതിരോധ സംവിധാനത്തിന് പ്രഹമേല്‍പ്പിച്ചു. സിറിയയിലെ അസദ് ഭരണത്തെ അട്ടിമറിച്ചു. തിന്മയ്ക്കുമേല്‍ കടുത്ത പ്രഹരമേല്‍പ്പിച്ചു. അതുപോലെ യെമനിലെ ഹൂതി സംഘടനയ്ക്കുമേലും കനത്ത പ്രഹരമേല്‍പ്പിക്കും. ഇത് അവസാനത്തേതുമായിരിക്കും.’-കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി.
ഹൂതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കും. ഞങ്ങള്‍ അവരുടെ നേതാക്കളുടെ തലയറുക്കും. ടെഹ്‌റാനിലും ഗസയിലും ലെബനനിലും ഹനിയ, സിന്‍വാര്‍, നസ്‌റുള്ള എന്നിവരോട് ചെയ്തതുപോലെ അത് ഞങ്ങള്‍ ഹുദൈദയിലും സനയിലും ആവര്‍ത്തിക്കും.’- സൈനികരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കവേ ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു.
ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികള്‍ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചതുമുതല്‍ ചെങ്കടലിലെ വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നുണ്ട്. ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെ ആക്രമിച്ച് ഇസ്രയേലിനെതിരെ നാവിക ഉപരോധം തീർക്കാനാണ് ഹൂതികള്‍ ശ്രമിക്കുന്നത്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഹൂതികളുടെ ആക്രമണം.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ കഴിയുന്നതിനിടെ ഹനിയയും സംഘവും താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാകുകയും ഹനിയ കൊല്ലപ്പെടുകയുമായിരുന്നു. മാസങ്ങള്‍ക്കുശേഷം ഒക്‌ടോബറില്‍ ഗസയിലെ ഇസ്രയേല്‍ സൈന്യം ഹനിയയുടെ പിന്‍ഗാമിയും 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനുമായ യഹിയ സിന്‍വാറിനേയും കൊലപ്പെടുത്തി. അതിന് മുമ്പ് സെപ്റ്റംബറില്‍ ബെയ്‌റൂത്തില്‍വെച്ച് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ളയേയും ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു.