Posted By: Nri Malayalee
February 3, 2025
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഹൂസ്റ്റണിൽ ജോർജ്ജ് ബുഷ് ഇൻ്റർകോണ്ടിനെൻ്റൽ എയർപോർട്ടിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു. ഹൂസ്റ്റണിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യുണൈറ്റഡ് എയർലൈൻസിനാണ് തീപിടിച്ചത്. വിമാനം പറന്നുയരാൻ തുടങ്ങുന്നതിന് തൊട്ടുമുൻപ് ചിറകുകളിലൊന്നിൽ നിന്ന് തീപടരുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.
104 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തീപിടുത്തം കണ്ടയുടനെ മുഴുവൻ യാത്രക്കാരെയും വമാനത്തിൽ നിന്ന് ഒഴിപ്പച്ചു. വിമാനത്തിന്റെ സാങ്കേതികകരാർ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. തീപിടുത്തം യാത്രക്കാരിൽ പരിഭ്രാന്തി പരത്തുകയും വിമാനത്തിനുള്ളിൽ യാത്രക്കാർ നിലവിളിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഫിലാഡൽഫിയയിലെ ഒരു മാളിന് സമീപം വിമാനം തകർന്ന് ഏഴ് പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർപോർട്ടിൽ നിന്ന് പുറപ്പെട്ടതിന് ശേഷം വൈകുന്നേരം 6:30 ഓടെ വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ റൂസ്‌വെൽറ്റ് മാളിന് സമീപമാണ് ലിയർജെറ്റ് 55 എന്ന വിമാനം തകർന്നുവീണത്. ബുധനാഴ്ച, വാഷിംഗ്ടണിൽ റീഗൻ നാഷണൽ എയർപോർട്ടിന് സമീപം അമേരിക്കൻ എയർലൈൻസ് വിമാനം യുഎസ് ആർമി ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് 67 പേർ മരിച്ചിരുന്നു.