
ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. 17 പേർ മരിച്ചു. 15 പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.
ഗുൽസാർ ഹൗസ് ജനങ്ങൾ തിങ്ങി പാർക്കുന്ന തെരുവാണ്. നിറയെ വ്യാപാര സ്ഥാപനങ്ങളുള്ള പ്രദേശമാണിത്. കെട്ടിടത്തിന് മുകളിലായി നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്.ഇവിടെയാണ് തീപിടുത്തം ഉണ്ടായത്. മുത്ത് വ്യാപാരക്കടയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് താഴത്തെ നിലയിൽ നിന്ന് മുകളിലെ കെട്ടിടങ്ങളിലേക്ക് തീപടരുകയായിരുന്നു. പുലർച്ചെ ആയതിനാൽ പലരും ഉറക്കത്തിലായിരുന്നു. പ്രദേശം പുക കൊണ്ട് മൂടിയപ്പോഴാണ് അപകടവിവരം പുറത്തറിയുന്നത്.
രാജേന്ദ്രകുമാർ(67), സുമിത്ര(65), മുന്നീ ഭായ്(72), അഭിഷേക് മോദി(30),ബാലു (17), ശീതൾ ജെയിൻ (37) എന്നിവരുടെയും രണ്ട് പെണ്‍കുട്ടികളുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ള ആളുകളുടെ വിവരങ്ങൾ ലഭ്യമായി തുടങ്ങിയിട്ടില്ല. പലരും ശ്വാസം മുട്ടിയാണ് മരിച്ചത്. 12 യൂണിറ്റ് ഫയർഫോഴ്‌സെത്തി തീ ഉടനെ അണച്ചെങ്കിലും പുക തിങ്ങി നിറഞ്ഞതിനാൽ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്ന പലരെയും പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. വീടുകളിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും മരിച്ചതായി മന്ത്രി പൊന്നം പ്രഭാകർ വ്യക്തമാക്കി.
സംഭവത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം നൽകും. പരുക്കേറ്റവരെ ഒസ്‌മാനിയ മെഡിക്കൽ കോളജ്, ഹൈദർഗുഡ, ഡിആർഡിഒ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.