• Thu. Oct 1st, 2026

24×7 Live News

Apdin News

‘ഹോപ്പ്’ തുണയായി; നിയമക്കുരുക്കുകളും രോഗദുരിതങ്ങളും നീങ്ങി തിരുവനന്തപുരം സ്വദേശി 8 വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു

Byadmin

Oct 1, 2026


മനാമ: വിസ കാലാവധി തീർന്നും നിയമക്കുരുക്കുകളിലും അകപ്പെട്ട് എട്ടു വർഷത്തോളം ബഹ്‌റൈനിൽ ദുരിതത്തിലായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അനിൽ കുമാർ ഒടുവിൽ ജന്മനാട്ടിലേക്ക് മടങ്ങി. സാമൂഹിക സംഘടനയായ ‘ഹോപ്പ്’ ബഹ്‌റൈന്റെ നിരന്തരമായ ഇടപെടലുകളും നിസ്വാർത്ഥ സേവനവുമാണ് ഇദ്ദേഹത്തിന്റെ യാത്രാതടസ്സങ്ങൾ നീക്കാൻ വഴിയൊരുക്കിയത്.

വർഷങ്ങളായി നാട്ടിൽ പോകാനാകാതെ കടുത്ത പ്രതിസന്ധിയിലായിരുന്ന അനിൽ കുമാറിന് ഇതിനിടയിൽ ഹൃദയാഘാതം സംഭവിക്കുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. തുടർചികിത്സ നാട്ടിൽ വെച്ച് അത്യാവശ്യമായി വന്നതോടെയാണ് ഹോപ്പ് പ്രവർത്തകർ ഇദ്ദേഹത്തിന്റെ ദയനീയസ്ഥിതി മനസ്സിലാക്കി സഹായവുമായി മുന്നോട്ടുവന്നത്.

വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയ പ്രവർത്തകർ, എമിഗ്രേഷൻ ക്ലിയറൻസിനായി അടയ്ക്കേണ്ടിയിരുന്ന ഭീമമായ പിഴത്തുക പൂർണ്ണമായും അടച്ചുതീർത്തു. എംബസിയുടെ സഹകരണത്തോടെ യാത്രാവിലക്കുകൾ നീക്കുകയും ഇദ്ദേഹത്തിന് ആവശ്യമായ മരുന്നുകൾ കൃത്യമായി എത്തിച്ചു നൽകുകയും ചെയ്തു. തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റും നൽകിയാണ് ഹോപ്പ് ഭാരവാഹികൾ ഇദ്ദേഹത്തെ യാത്രയാക്കിയത്.

ഹോപ്പ് പ്രവർത്തകരായ ഷാജി മൂതല, സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കി അനിൽ കുമാറിന്റെ മടക്കയാത്ര സാധ്യമാക്കിയത്. പ്രവാസലോകത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായ ഹോപ്പിന്റെ പ്രവർത്തനങ്ങൾക്ക് കുടുംബവും പ്രവാസി സമൂഹവും നന്ദി അറിയിച്ചു.

The post ‘ഹോപ്പ്’ തുണയായി; നിയമക്കുരുക്കുകളും രോഗദുരിതങ്ങളും നീങ്ങി തിരുവനന്തപുരം സ്വദേശി 8 വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin