Posted By: Nri Malayalee
December 28, 2024
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരുന്നു. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനയുടെ ആഘാതം അനുഭവിച്ച ബിസിനസുകള്‍ നെഗറ്റീവായി പ്രതികരിച്ചതോടെ സാമ്പത്തിക വളര്‍ച്ചയും മുരടിക്കുകയാണ്. തൊഴിലും കുറഞ്ഞു.
ഇതിന് പുറമെയാണ് എയര്‍ പാസഞ്ചര്‍ ഡ്യൂട്ടിയില്‍ നടത്തിയ വര്‍ധനയുടെ ആഘാതവും വ്യക്തമാകുന്നത്. ഹോളിഡേ ടാക്‌സ് എന്ന് വിളിക്കപ്പെടുന്ന ഈ നികുതി വര്‍ധനവുകള്‍ മിക്ക വിമാനയാത്രകള്‍ക്കും 15 ശതമാനം വര്‍ധനവ് സമ്മാനിക്കുമെന്നാണ് കണക്കുകള്‍. നിലവില്‍ 2.6 ശതമാനം മാത്രമുള്ള പണപ്പെരുപ്പത്തിന്റെ അഞ്ചിരട്ടി വര്‍ധനവാണ് ഇതിലൂടെ നേരിടുക.
ടാക്‌സ് പെയേഴ്‌സ് അലയന്‍സ് നടത്തിയ പഠനത്തില്‍ 2026 ഏപ്രില്‍ ആകുന്നതോടെ റീവ്‌സിന്റെ എപിഡി നിരക്ക് വര്‍ധന കൂടി ചേരുമ്പോള്‍ 111 ശതമാനം വര്‍ധന നേരിടുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ നികുതി ചുമത്താന്‍ തുടങ്ങിയ 1994 മുതലുള്ള വ്യത്യാസമാണിത്. അതേസമയം ഇതേ സമയത്ത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഹൃസ്വയാത്രകള്‍ക്ക് നിരക്ക് 200 ശതമാനത്തോളം വര്‍ധിച്ചുവെന്നാണ് കണക്ക്.
ദീര്‍ഘദൂര യാത്രകള്‍ക്ക് 920 ശതമാനം കുതിപ്പാണ് നികുതിയില്‍ രേഖപ്പെടുത്തുന്നത്. അള്‍ട്രാ-ദീര്‍ഘ യാത്രകളാണെങ്കില്‍ 960 ശതമാനം വര്‍ധനവും നേരിടണം. ഈ നടപടികളിലൂടെ 2026 മുതല്‍ 2030 വരെ സമയത്ത് ചാന്‍സലര്‍ക്ക് 2.5 ബില്ല്യണ്‍ പൗണ്ട് എപിഡിയില്‍ നിന്ന് മാത്രമായി ലഭിക്കും. പണപ്പെരുപ്പത്തിന് ഒപ്പം എപിഡി വര്‍ധിച്ചിട്ടില്ലെന്ന റീവ്‌സിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
നിലവില്‍ 2000 മൈല്‍ വരെ യാത്രകള്‍ ഇക്കോണമിയില്‍ 13 പൗണ്ടാണ് നികുതി. 5000 മൈല്‍ വരെ 88 പൗണ്ടും, അള്‍ട്രാ ദീര്‍ഘ യാത്രകള്‍ക്ക് 92 പൗണ്ടുമാണ് നികുതി. ഈ നിരക്കിലാണ് 15 ശതമാനത്തിലേറെ വര്‍ധന വരുന്നത്. ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്ക് ഒരു വ്യക്തിക്ക് 102 പൗണ്ട് വരെയാണ് നിരക്ക് ഉയരുക. ഇതോടെ കുടുംബവുമായി സഞ്ചരിച്ചാല്‍ വ്യത്യാസം വളരെ വലുതായിരിക്കും.