• Fri. Dec 5th, 2025

24×7 Live News

Apdin News

120 കമാൻഡോകൾ, വെറും 3 മണിക്കൂർ; സിറിയയിലെ മിസൈൽ നിർമാണകേന്ദ്രം തകർത്ത് ഇസ്രയേൽ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Dec 4, 2025


Posted By: Nri Malayalee
January 4, 2025

സ്വന്തം ലേഖകൻ: 2024 സെപ്റ്റംബർ 8- 120 കമാൻഡോകൾ അത്യാധുനിക ആയുധങ്ങളുമായി ഹെലികോപ്റ്ററുകളിൽ അർധരാത്രി ഇസ്രയേലിൽനിന്ന് പറന്നുയർന്നു. സിറിയൻ റഡാറുകളുടെ കണ്ണിൽപ്പെടാതിരിക്കാൻ മെഡിറ്ററേനിയന്‍ കടലിനു മുകളിലൂടെയായിരുന്നു പറക്കൽ. കിഴക്കൻ സിറിയയിലെ മസ്യാഫ് മേഖലയില്‍ ഇറാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മിസൈൽ നിർമാണ കേന്ദ്രമായിരുന്നു ലക്ഷ്യം. മൂന്നു മണിക്കൂർ നീണ്ടുനിന്ന സൈനിക ഓപ്പറേഷന്റെ അവസാനം താവളം തകർത്ത് ഇസ്രയേൽ സൈന്യം മടങ്ങി. പ്രയോഗിച്ച ശക്തിയേറിയ ബോംബുകൾ ഭൂമിയെ കുലുക്കി.

‘ഓപ്പറേഷൻ മെനി വേയ്സ്’- വർഷങ്ങളുടെ നിരന്തര നീരീക്ഷണത്തിനും ആസൂത്രണത്തിനും ഒടുവിലാണ് സൈനിക താവളം തകർക്കാൻ ഇസ്രയേൽ തീരുമാനിച്ചത്. ഓപ്പറേഷന്റെ വിശദാംശങ്ങൾ ഇസ്രയേൽ വ്യോമസേന പുറത്തുവിട്ടു. സിറിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തമായ പ്രദേശത്തായിരുന്നു മിസൈൽ ഉൽപാദന കേന്ദ്രം. സിറിയയ്ക്കും ലെബനനിലെ സായുധസംഘമായ ഹിസ്ബുല്ലയ്ക്കും മിസൈലുകൾ നൽ‌കാനാണ് ഇറാൻ കേന്ദ്രം ആരംഭിച്ചതെന്ന് ഇസ്രയേൽ പറയുന്നു. കേന്ദ്രത്തിന്റെ നിർമാണം 2017ൽ തുടങ്ങിയെന്നാണ് ഇസ്രയേൽ സൈന്യം കണ്ടെത്തിയത്. തെക്കന്‍ സിറിയയിലെ റോക്കറ്റ് നിർമാണ കേന്ദ്രം നേരത്തെ ഇസ്രയേല്‍ തകർത്തതോടെയാണ് ഭൂഗർഭ കേന്ദ്രം ആരംഭിച്ചത്.

മൂന്നു ഭാഗങ്ങളാണ് കേന്ദ്രത്തിനുള്ളതെന്ന് ഇസ്രയേല്‍ കണ്ടെത്തി. അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന കേന്ദ്രം, നിർമാണം പൂർത്തിയായ മിസൈലുകൾ സൂക്ഷിക്കുന്ന കേന്ദ്രം, ഓഫിസ് സമുച്ചയം. 16 മിസൈൽ നിർമാണ മുറികൾ കേന്ദ്രത്തിലുണ്ടായിരുന്നു. ഒരു വർഷം നൂറു മുതൽ 300 റോക്കറ്റുകൾവരെ നിർമിക്കാൻ കേന്ദ്രത്തിന് ശേഷിയുണ്ടെന്നാണ് ഇസ്രയേൽ വിലയിരുത്തൽ. മൂന്നൂറു കിലോമീറ്റർ പരിധിയുള്ള റോക്കറ്റുകളാണ് നിർമിച്ചിരുന്നത്. ഇസ്രയേൽ അതിർത്തിയിൽനിന്ന് 200 കിലോമീറ്ററും സിറിയയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് 45 കിലോമീറ്ററും അകലെയായിരുന്നു കേന്ദ്രം. ഹിസ്ബുല്ലയ്ക്ക് ഈ കേന്ദ്രത്തിൽനിന്ന് ആയുധങ്ങൾ വാങ്ങാൻ എളുപ്പമായിരുന്നു.

ഇസ്രയേലിന്റെ പ്രത്യേക കമാൻഡോ സംഘം രണ്ടു മാസത്തെ പരിശീലനം നടത്തി. ഓപ്പറേഷൻ നടത്തുന്ന സ്ഥലം, ഭൂപ്രകൃതി, വെല്ലുവിളികൾ ഇവയെല്ലാം കൃത്യമായി മനസ്സിലാക്കിയശേഷമാണ് വിമാനങ്ങൾ സൈനികരുമായി പറന്നുയർന്നത്. സിറിയൻ ഭൂപ്രദേശത്ത് എത്തിയതോടെ റഡാറിൽ കാണാതിരിക്കാനായി വിമാനങ്ങൾ താഴ്ന്നു പറന്നു. സിറിയൻ സൈന്യത്തിന്റെ ശ്രദ്ധ മാറ്റാനായി സിറിയയുടെ മറ്റു ചില പ്രദേശങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി.

ഡ്രോണിലൂടെ പരിസരം നിരീക്ഷിച്ചശേഷം കമാൻഡോകൾ നിലത്തേക്കിറങ്ങി. മിസൈൽ ഉൽപാദന കേന്ദ്രത്തിലേക്ക് ഇരച്ചു കയറിയ ഇസ്രയേൽ സൈനികർ സിറിയൻ സൈനികരിൽ ചിലരെ വധിച്ചശേഷം കേന്ദ്രത്തിന്റെ വിവിധയിടങ്ങളിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചു. ഓപ്പറേഷൻ പൂർത്തിയായശേഷം വിദൂരനിയന്ത്രിത സാങ്കേതിക വിദ്യയിലൂടെ ഉഗ്ര സ്ഫോടനം നടത്തി. 30 സിറിയൻ സൈനികർ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്.

By admin