
റെയ്ക്യാവീക്ക് (ഐസ്‌ലന്‍ഡ്): 15 കാരനുമായുള്ള ശാരീരികബന്ധത്തിൽ തനിക്കൊരു കുഞ്ഞുപിറന്നിരുന്നെന്ന് വെളിപ്പെടുത്തി ഐസ്‌ലന്‍ഡ് വിദ്യാഭ്യാസ-ശിശുക്ഷേമ വകുപ്പ് മന്ത്രി അഷ്തിൽദിഷ് ലോവ തോർസ്ഡോട്ടിർ. 36 വർഷം മുമ്പായിരുന്നു ഇതെന്നുപറഞ്ഞ അവർ മന്ത്രിസ്ഥാനം രാജിവെച്ചു. സംഭവം നടക്കുമ്പോൾ 22 വയസായിരുന്നു ലോവയ്ക്ക്.
ഐസ് ലൻഡ് മാധ്യമ സ്ഥാപനമായ വിസിറിന് നൽകിയ അഭിമുഖത്തിലാണ് 58കാരിയായ അഷ്തിൽദിഷ് ലോവ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. 22 വയസ്സുള്ളപ്പോൾ ഒരു മതസംഘടനയിൽ കൗൺസിലറായിരുന്നപ്പോഴാണ് താൻ ആ ബന്ധം ആരംഭിച്ചതെന്ന് അവർ പറഞ്ഞു. വീട്ടിലെ പ്രയാസങ്ങൾകാരണം ഇതേ സംഘടനയിൽത്തന്നെ അഭയാർത്ഥിയായി എത്തിയതായിരുന്നു അന്ന് 15 വയസുണ്ടായിരുന്ന കൗമാരക്കാരനെന്ന് ഐസ് ലാൻഡിക് വാർത്താ ഏജൻസിയായ ആർ യുവി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. കുട്ടിക്ക് ജന്മം നൽകുമ്പോൾ ലോവയ്ക്ക് 23 വയസായിരുന്നു. കൗമാരക്കാരന് 16-ഉം.
ഐസ് ലാൻഡിൽ, അധ്യാപകനോ ഉപദേഷ്ടാവോ പോലുള്ള അധികാര സ്ഥാനത്തുള്ള ഒരു മുതിർന്നയാൾ 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണ്. ഐസ് ലാൻഡിക് ജനറൽ പീനൽ കോഡ് പ്രകാരം അത്തരമൊരു കുറ്റകൃത്യത്തിന് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. കാര്യങ്ങൾ ഒരുപാട് മാറിയിട്ടുണ്ടെന്നും ഇന്നായിരുന്നെങ്കിൽ ഈ പ്രശ്നങ്ങളെ വ്യത്യസ്തമായി കൈകാര്യം ചെയ്യുമായിരുന്നെന്നും ലോവ പറഞ്ഞു. എന്നിരുന്നാലും, തന്റെ ഭൂതകാലത്തെ ഈ അധ്യായം മന്ത്രിസഭയിലെ തന്റെ പ്രവർത്തനത്തെ മറികടക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറഞ്ഞു, പാർലമെന്റിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്നും അവർ സ്ഥിരീകരിച്ചു.
കുഞ്ഞിന്റെ പിതാവായ അന്നത്തെ കുമാരക്കാരന്റെ ഒരു ബന്ധു ഐസ് ലൻഡ് പ്രധാനമന്ത്രിയെ ബന്ധപ്പെടാൻ രണ്ടുതവണ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് അഷ്തിൽദിഷ് ലോവ മന്ത്രിസ്ഥാനം രാജിവെച്ചത്. ഇന്നത്തെ വാർത്തകൾ എന്താണെന്ന് ഞങ്ങൾക്കറിയാം. ഞാൻ മന്ത്രിയായി തുടർന്നാൽ ഇതുപോലുള്ള വിഷയങ്ങൾ വീണ്ടും വീണ്ടും ഉന്നയിക്കപ്പെടുമെന്നും സർക്കാരിൽ ഒരിക്കലും സമാധാനം ഉണ്ടാകില്ലെന്നും അറിയാം, രാജിയേക്കുറിച്ച് ലോവ പറഞ്ഞതിങ്ങനെ.
മന്ത്രിയുടെ വെളിപ്പെടുത്തൽ രാജ്യത്ത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തങ്ങളുടെ കുട്ടിയുമായി ബന്ധപ്പെടാൻ അഷ്തിൽദിഷ് ലോവ സമ്മതിക്കുന്നില്ലെന്ന് പിതാവ് ആരോപിച്ചിരുന്നു. കുട്ടിയുണ്ടായതുമുതൽ ഒരു വർഷം ഇയാൾ ലോവയ്ക്കൊപ്പമാണ് കഴിഞ്ഞതെന്ന് ഐസ് ലാൻഡിക് വാർത്താ ഏജൻസിയായ ആർ യുവി റിപ്പോർട്ട് ചെയ്തു. 18 വർഷമായി കുട്ടിയുടെ സംരക്ഷണത്തിനുള്ള പണം നൽകുന്നത് തുടർന്നിട്ടും മകനെ കാണാനുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥനകൾ നിരസിക്കപ്പെട്ടുവെന്നാണ് ഐസ് ലൻഡിലെ നീതിന്യായ മന്ത്രാലയത്തിന് സമർപ്പിച്ച രേഖകൾ കാണിക്കുന്നതെന്നും പ്രാദേശിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.