Posted By: Nri Malayalee
January 19, 2025
സ്വന്തം ലേഖകൻ: പതിനഞ്ചുമാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കും താത്കാലിക ആശ്വാസമായി ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഏകദേശം മൂന്ന് മണിക്കൂർ വൈകിയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് കരാർ നിലവിൽവന്നത്.
പ്രാദേശികസമയം രാവിലെ 8.30-ന് (ഇന്ത്യൻ സമയം ഉച്ചയോടെ) വെടിനിർത്തൽ നിലവിൽവരുമെന്ന് സമാധാനചർച്ചകളിലെ പ്രധാനമധ്യസ്ഥരായ ഖത്തറിന്റെ വിദേശകാര്യമന്ത്രി മജീദ് അൽ അൻസാരി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ആദ്യഘട്ടത്തില്‍ മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടുന്നതുവരെ വെടിനിര്‍ത്തല്‍ ആരംഭിക്കില്ലെന്ന് ഇസ്രയേൽ നിലപാട് എടുത്തതോടെയാണ് നടപടികൾ വൈകിയത്.
ആദ്യഘട്ട വെടിനിർത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കും. ഇതിൽ മൂന്നുപേരെയാണ് ഞായറാഴ്ച വിട്ടയയ്ക്കുന്നത്. ഇവർ 30 വയസ്സിൽതാഴെയുള്ള ഇസ്രയേലിന്റെ വനിതാ സൈനികരാണെന്നാണ് സൂചന. ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 737 പലസ്തീൻ തടവുകാരുടെ വിശദാംശങ്ങൾ ഇസ്രയേൽ നീതിന്യായവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ആദ്യസംഘത്തിൽ 95 പേരുണ്ടാകും. ഇവരെ ഞായറാഴ്ച നാലിനുശേഷമേ കൈമാറൂവെന്ന് ഇസ്രയേൽ അറിയിച്ചു.
ജനവാസമേഖലകളിൽനിന്നുള്ള സൈന്യത്തിന്റെ പിന്മാറ്റവും ആദ്യഘട്ടത്തിലുണ്ടാകും. ആദ്യഘട്ടവെടിനിർത്തലിന്റെ 16-ാം ദിനം രണ്ടും മൂന്നും ഘട്ടങ്ങൾ എങ്ങനെയാകണമെന്നതിനെക്കുറിച്ച് ചർച്ചതുടങ്ങും. ഖത്തർ, യു.എസ്., ഈജിപ്ത് എന്നീ മധ്യസ്ഥരാജ്യങ്ങളുടെ ശ്രമഫലമായുണ്ടായ വെടിനിർത്തൽക്കരാർ വെള്ളിയാഴ്ച വൈകിയാണ് ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചത്.