• Sat. Jan 25th, 2025

24×7 Live News

Apdin News

30 മിനിറ്റിൽ അബുദാബിയില്‍ നിന്ന് ദുബായിലെത്താം; അതിവേഗ ട്രെയിന്‍ വരുന്നു – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 24, 2025


Posted By: Nri Malayalee
January 24, 2025

സ്വന്തം ലേഖകൻ: അബുദാബിയല്‍ നിന്ന് ദുബായിലേക്കെത്താന്‍ വെറും 30 മിനുട്ടുകള്‍ മാത്രം. ഇരു നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ അതിവേഗ, പൂര്‍ണ്ണ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചു. ഇതിനു പുറമെ, ഒരു സാധാരണ പാസഞ്ചര്‍ ട്രെയിനും പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മണിക്കൂറില്‍ 350 കിലോമീറ്ററാണ് പുതിയ ട്രെയിനിൻ്റെ വേഗത. റീം ദ്വീപ്, സാദിയാത്ത്, യാസ് ദ്വീപ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം, ദുബായിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, അല്‍ ജദ്ദാഫ് പ്രദേശം എന്നീ ആറ് സ്റ്റേഷനുകളിലൂടെയാണ് ഈ അതിവേഗ ട്രെയിന്‍ കടന്നുപോവുക.

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അതിവേഗ ട്രെയിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് എപ്പോള്‍ തയ്യാറാകുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഇത്തിഹാദ് റെയില്‍ ചീഫ് പ്രോജക്ട് ഓഫീസര്‍ മുഹമ്മദ് അല്‍ ഷെഹി അബുദാബിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അടുത്ത അഞ്ച് ദശകങ്ങളില്‍ യുഎഇയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) 145 ബില്യണ്‍ ദിര്‍ഹം വരുമാനം കൂട്ടിച്ചേര്‍ക്കാന്‍ ഈ അതിവേഗ ട്രെയിന്‍ വഴി കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

അബുദാബി – ദുബായ് റൂട്ടിലാണ് അതിവേഗ ട്രെയിന്‍ സര്‍വീസ് നടത്തുകയെങ്കിലും ഇതിന്റെ കൂടെ പ്രഖ്യാപിച്ചിരിക്കുന്ന സാധാരണ പാസഞ്ചര്‍ ട്രെയിന്‍ യുഎഇയുടെ വിവിധ വിവിധ ഭാഗങ്ങളിലൂടെ ഒമാന്‍ അതിര്‍ത്തി വരെ സര്‍വീസ് നടത്തും. ഷാര്‍ജയിലും ഫുജൈറയിലും ഉള്‍പ്പെടെ അതിന് സ്റ്റേഷനുകള്‍ ഉണ്ടാകും, ജിസിസി റെയില്‍വേ കൂടി വരുന്നതോടെ സൗദി അടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്ക് ഇതിന്റെ സര്‍വീസ് വ്യാപിക്കും.

യുഎഇയുടെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് റെഗുലര്‍ സ്പീഡ് പാസഞ്ചര്‍ ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ഈ ട്രെയിനിന്റെ വേഗത. 400 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിയും.

ഇതിനു പുറമെ, കാര്‍ഗോ ട്രെയിനുകളും ഇത് വഴി സര്‍വീസ് നടത്തും. ഇവയ്ക്ക് അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളില്‍ നാല് സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. സാധാരണ പാസഞ്ചര്‍ ട്രെയിന്‍ ഇതിനകം സര്‍വീസിന് പൂര്‍ണ സജ്ജമായിട്ടുണ്ടെങ്കിലും എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മുഹമ്മദ് അല്‍ ഷെഹി പറഞ്ഞു.

By admin