
ഹൈദരാബാദ്: തെലങ്കാനയിൽ 13 വയസുള്ള പെൺകുട്ടിയെ 40 കാരന്‍റെ രണ്ടാം വിവാഹത്തിൽ നിന്നും രക്ഷപ്പെടുത്തി അധ്യാപിക. ഇവർ ജില്ലാ ശിശു സംരക്ഷണ സേവനങ്ങളെയും പൊലീസിനെയും വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ ആദ്യത്തെ ഭാര്യയും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന്‍റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഹൈദരാബാദിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള നന്ദിഗമയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ മേയ് 28 നാണ് കാണ്ടിവാഡയിൽ നിന്നുള്ള 40 വയസുള്ള ശ്രീനിവാസ് ഗൗഡുമായി വിവാഹം കഴിപ്പിച്ചത്. പെൺകുട്ടി അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. പെൺകുട്ടികുട്ടിയുടെ അമ്മ വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടതുപ്രകാരമായിരുന്നു വിവാഹം. ഇയാളാണ് ’40 കാരനായ വരനെ’ കണ്ടെത്തി കൊടുത്തത്. ഈ വിവരങ്ങൾ പെൺകുട്ടി സ്കൂളിലെ ആധ്യാപികയോട് പറഞ്ഞിരുന്നു. പിന്നീട് അധ്യാപികയാണ് തഹസിൽദാർ രാജേശ്വറിനെയും ഇൻസ്പെക്റ്റർ പ്രസാദിനെയും വിവരമറിയിക്കുന്നത്.
സംഭവത്തിൽ ഇയാൾക്കെതിരേയും, ഇയാളുടെ ഭാര്യ, പെൺകുട്ടിയുടെ അമ്മ, ഇടനിലക്കാരന്‍, നിയമവിരുദ്ധ വിവാഹം നടത്തിയ പുരോഹിതൻ എന്നിവർക്കെതിരേ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തതായി ഇൻസ്പെക്റ്റർ പ്രസാദ് അറിയിച്ചു. ” പെൺകുട്ടിയെ നിലവിൽ ഒരു സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിക്ക് ആവശ്യമായ കൗൺസിലിങ് നൽകുന്നുണ്ട്. പെൺകുട്ടിയും 40കാരനും കഴിഞ്ഞ 2 മാസത്തേളമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു എന്ന് തെളിഞ്ഞാൽ ഇയാൾക്കതിരേ പോക്സോ വകുപ്പ് കൂടി ചുമത്തും”- ജില്ലാ ശിശു സംരക്ഷണ ഓഫീസർ പ്രവീൺ കുമാർ വ്യക്തമാക്കി.