Posted By: Nri Malayalee
January 20, 2025
സ്വന്തം ലേഖകൻ: 471 ദിവസങ്ങൾക്ക് ശേഷം അവർ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി. മൂന്ന് അമ്മമാരുടെ കാത്തിരിപ്പിന് വിരാമമായി. മടങ്ങിയെത്തിയ പ്രിയപ്പെട്ട മക്കളെ ആ അമ്മമാർ ചേർത്തുപിടിച്ചു. റോമി ഗോനെൻ, ഡോറൺ സ്റ്റെയിൻബ്രെച്ചർ, എമിലി ദമാരി എന്നിവരായാണ് ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് വിട്ടയച്ചത്.
മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷകൾ അസ്തമിച്ച് തുടങ്ങിയപ്പോഴും ആ അമ്മമാർ പരിശ്രമങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല. റോമിയുടെ അമ്മ മീരവ് സ്വന്തം മകൾക്ക് വേണ്ടിമാത്രമല്ല, ബന്ദികളാക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുഎൻ മനുഷ്യാവകാശ സംഘടനയെ സമീപിച്ചത്.
2023 ഒക്ടോബർ ഏഴിനാണ് 28 കാരിയായ ബ്രിട്ടീഷ്-ഇസ്രായേൽ പൗരത്വമുള്ള എമിലിയെ, കിബ്ബട്ട്സ് കെഫാർ ആസയിൽ നിന്ന് ഹമാസ് ബന്ദിയാക്കിയത്. ആക്രമണസമയത്ത് എമിലിയുടെ അമ്മ മാൻഡി ദമാരി കിബ്ബട്ട്സിലെ വീട്ടിലായിരുന്നു. ഒരു സുരക്ഷിത മുറിയിൽ ഒളിച്ചിരുന്നതിനാൽ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.
2024 മാർച്ച് വരെ എമിലിയെ കുറിച്ച് കുടുംബത്തിന് യാതൊരുവിധ വിവരങ്ങളും ലഭിച്ചിരുന്നില്ല. മകളുടെ മോചനത്തിന്റെ വിവരമറിഞ്ഞപ്പോൾ “എനിക്ക് എമിലിയെ കെട്ടിപ്പിടിക്കുക മാത്രമാണ് വേണ്ടത്. പക്ഷേ അവളെ കാണുന്നതുവരെ ഞാൻ അത് വിശ്വസിക്കില്ല.” എന്നായിരുന്നു മാൻഡി പറഞ്ഞത്. 31 കാരിയായ വെറ്ററിനറി നഴ്‌സായ ഡോറോൺ സ്റ്റെയിൻബ്രെച്ചറിനെയും ഹമാസ് ബന്ദിയാക്കിയത് 2023 ഒക്ടോബർ 7 നായിരുന്നു.
കിബ്ബട്ട്സ് കെഫാർ ആസയിലെ അവളുടെ അപ്പാർട്ട്‌മെൻ്റിൽ നിന്നായിരുന്നു ഭീകരർ ഡോറോണിനെ പിടികൂടിയത്. യുവതിയുടെ ഗ്രാമത്തിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ വീടുകൾ കത്തിക്കുകയും നിരവധിപേർ കൊല്ലപ്പെടുകയും നിരവധിയാളുകളെ ബന്ദികളാക്കുകയും ചെയ്തതായി ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ആക്രമണ സമയത്ത് താൻ കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയാണെന്ന് പറഞ്ഞ് ഡോറൺ അവളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വാട്ട്‌സ്ആപ്പ് സന്ദേശമയച്ചിരുന്നു. പിന്നാലെ വെടിയൊച്ചകൾക്കിടയിൽ “അവർ എന്നെ പിടികൂടി” എന്ന ഡോറണിന്റെ അവസാന ശബ്ദ സന്ദേശവുമെത്തി.
നോവ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് നർത്തകിയായ റോമി ഗോനനെ ഹമാസ് ബന്ദിയാക്കിയത്. മരുഭൂമിയിലെ സംഗീത പരിപാടിക്കിടയിൽ നടന്ന ഹമാസ് ആക്രമണത്തിനിടെ 360-ലധികം ആളുകൾ കൊല്ലപ്പെട്ടു. ആക്രമണം നടക്കുമ്പോൾ, സൈറണുകൾ മുഴങ്ങി, റോമി അവളുടെ കുടുംബത്തെ വിളിച്ചു. വെടിയൊച്ചകളും അറബിയിൽ നിലവിളികളുമാണ് റോമിയുടെ അവസാന കോളിൽ കേട്ടതെന്ന് അമ്മ മീരവ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് റോമിയെ ഹമാസ് തീവ്രവാദികൾ പിടികൂടിയത്.