Posted By: Nri Malayalee
February 10, 2025
![](https://i0.wp.com/www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-10-172159-640x340.png?resize=640%2C340)
സ്വന്തം ലേഖകൻ: എമിറേറ്റിന്റെ പുതിയ എയർപോർട്ട് ടെർമിനൽ രൂപപ്പെടുന്നതോടെ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ജനസംഖ്യയിൽ വർധനവുണ്ടാകുമെന്ന് ദുബായ് സൗത്ത് ഡെവലപ്പർമാർ പ്രതീക്ഷിക്കുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ ഏകദേശം 25,000 പേർ താമസിക്കുന്ന ദുബായ് സൗത്തിൽ എയർപോർട്ട് തുറന്നാൽ ഒരു ദശലക്ഷത്തിലേറെ ആളുകൾ ഇവിടേക്ക് താമസം മാറ്റും. ഇതോടെ അഞ്ച് ലക്ഷത്തോളം പേർക്ക് തൊഴിൽ സാധ്യതയും തെളിഞ്ഞുവരും.
128 ബില്യൻ ദിർഹത്തിലുള്ള ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷന(ഡി ഡബ്ല്യു സി)ലിൽ പാസഞ്ചർ ടെർമിനൽ അടുത്ത ദശകത്തിൽ നിലവിലെ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായി ഉൾക്കൊള്ളും. ദുബായിൽ നടക്കുന്ന പുതിയ വികസന പ്രവർത്തനങ്ങളിൽ, ദുബായ് സൗത്ത് ഏറ്റവും ഡിമാൻഡുള്ള ആദ്യത്തെ 5 പ്രദേശങ്ങളിൽ ഉൾപ്പെടും.
കഴിഞ്ഞ വർഷം അൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ടിലെ പുതിയ പാസഞ്ചർ ടെർമിനലിന്റെ പ്രഖ്യാപനം ദുബായ് സൗത്തിലെ പ്രോപ്പർട്ടികളുടെ ആവശ്യം വർധിപ്പിച്ചതായി ദുബായ് സൗത്ത് പ്രോപ്പർട്ടീസ് സിഇഒ നബീൽ അൽ കിണ്ടി പറഞ്ഞു. ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നതിനാൽ ദുബായ് സൗത്തിലെ പ്രോപ്പർട്ടികൾക്ക് കൂടുതൽ ഡിമാൻഡുണ്ടാകും. ആദ്യകാല നിക്ഷേപകർക്ക് ഏറ്റവും പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ആവശ്യം നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
145 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മാസ്റ്റർ ഡെവലപ്‌മെന്റ് ദുബായിലെ ഏറ്റവും വലുതാണ്. വ്യോമയാന, ലോജിസ്റ്റിക് മേഖലകളിൽ സമ്മിശ്ര ഉപയോഗവും പാർപ്പിട കമ്മ്യൂണിറ്റികളും ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 500,000 തൊഴിലവസരങ്ങൾ വരെ ഇവിടെയുണ്ട്. വായു, കര, കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചറായിരിക്കും യാഥാർഥ്യമാവുക.