Posted By: Nri Malayalee
November 20, 2024
സ്വന്തം ലേഖകൻ: ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം എത്തിയ മോദിയെ സ്വീകരിക്കാൻ പ്രസിഡന്റിനൊപ്പം കാബിനറ്റ് മന്ത്രിമാരും എത്തിയിരുന്നു.
വിമാനത്താവളത്തിൽനിന്നു ഹോട്ടലിലെത്തിയ മോദിയെ സ്വീകരിക്കാൻ ഗ്രെനേഡ, ബാർബഡോസ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും എത്തിയിരുന്നു. ഗയാനയും ബാർബഡോസും തങ്ങളുടെ പരമോന്നത പുരസ്കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദി ഓർഡർ ഓഫ് എക്സലൻസ്’, ബാർബഡോസിന്റെ ഉന്നത ബഹുമാതിയായ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്’ എന്നവയാണ് മോദിക്ക് സമ്മാനിക്കുക. ഏതാനും ദിവസം മുൻപാണ് ഡെമിനിക്ക തങ്ങളുടെ പരമോന്നത പുരസ്കാരമായ ‘ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ’ നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്.