തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രമുഖ സംവിധായകനെതിരെ പരാതി നൽകി ചലച്ചിത്രപ്രവർത്തക. മുഖ്യമന്ത്രിക്ക് നേരിട്ടാണ് ചലച്ചിത്രപ്രവർത്തക പരാതി നൽകിയത്.
തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വെച്ചാണ് സംഭവം നടന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഐഎഫ്എഫ്കെയുടെ ജൂറി അംഗമാണ് ചലച്ചിത്രപ്രവർത്തക. സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കായി മുറിയിലേക്കു വരാൻ സംവിധായകൻ ചലച്ചിത്രപ്രവർത്തകയോട് ആവശ്യപ്പെടുകയും മുറിയിലേക്ക് കയറിയ ഉടനെ ഇവരെ കടന്നുപിടിക്കുകയുമായിരുന്നുവെന്നുമാണ് പരാതി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി പൊലീസിന് കൈമാറി. പരാതിയിൽ കന്റോൺമെന്റ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. ആദ്യഘട്ടമായി ചലച്ചിത്രപ്രവർത്തയുടെ മൊഴിയും രേഖപ്പെടുത്തി.