• Sat. Nov 16th, 2024

24×7 Live News

Apdin News

UAE യിൽ കൂടുതൽ മേഖലകളിൽ സ്വദേശി നിയമനം നിർബന്ധമാക്കി; ഇല്ലെങ്കിൽ കനത്ത പിഴ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 12, 2024


സ്വന്തം ലേഖകൻ: ഐടി, സാമ്പത്തിക രംഗത്തുള്ള ഇൻഷുറൻസ് കമ്പനികൾ, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ- സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക രംഗം, കല-വിനോദം, ഖനനം–ക്വാറി, നിർമാണ വ്യവസായങ്ങൾ, മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, ഗതാഗതം, സംഭരണ മേഖല, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ സ്വദേശി നിയമനം യുഎഇ നിർബന്ധമാക്കി.

20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിർബന്ധമായും നിയമിച്ചിരിക്കണം. ഡിസംബർ 31നു മുൻപ് നിയമനം പൂർത്തിയാക്കണമെന്നും വൈകിയാൽ നടപടിയുണ്ടാകുമെന്നും മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

നിലവിലുള്ള സ്വദേശികളെ നിലനിർത്തിയാകണം പുതിയ നിയമനം. ഇതിനായി സമയപരിധി അവസാനിക്കുന്നതു വരെ കാത്തിരിക്കരുതെന്നും കമ്പനികളെ മന്ത്രാലയം അറിയിച്ചു.

കൂടാതെ, എല്ലാ സ്വദേശി ജീവനക്കാരുടെയും വിശദാംശങ്ങൾ രാജ്യത്തെ ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റിയിൽ റജിസ്റ്റർ ചെയ്യണം. നിയമനം ലഭിച്ചവരുടെ വേതനം ഡബ്ല്യുപിഎസ് വഴി വിതരണം ചെയ്യണം. ഓരോ വർഷവും സ്ഥാപനത്തിലെ സ്വദേശി പ്രാതിനിധ്യം കൂട്ടുന്ന തരത്തിലാകണം സ്വദേശിവൽക്കരണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. അതിനാൽ, ഈ വർഷം സ്വദേശിയെ നിയമിച്ചവർ അടുത്ത വർഷം മറ്റൊരു സ്വദേശിയെ നിയമിക്കണം.

അതേസമയം, 20ൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനികൾക്കു നിയമം ബാധകമല്ല. വേഗത്തിൽ വളരുന്ന, അനുയോജ്യമായ തൊഴിൽ അന്തരീക്ഷവും സാമ്പത്തിക സുസ്ഥിരതയുമുള്ള കമ്പനികളെ മാത്രമാണ് സ്വദേശിവൽക്കരണ നിയമന പരിധിയിൽ ഉൾപ്പെടുത്തിയത്.

ഈ വർഷത്തെ നിയമന ക്വോട്ട നികത്താത്ത കമ്പനികൾക്ക് മന്ത്രാലയം ജനുവരിയിൽ 96,000 ദിർഹം സാമ്പത്തികബാധ്യത ചുമത്തും. അടുത്തവർഷവും നിയമനം പൂർത്തിയാക്കാതിരുന്നാൽ കമ്പനികൾ മന്ത്രാലയത്തിൽ അടയ്ക്കേണ്ടത് 1.08 ലക്ഷം ദിർഹമായിരിക്കും. യോഗ്യരായ സ്വദേശികളെ ലഭിക്കാൻ സർക്കാർ നിയമന കൗൺസിലായ ‘നാഫിസു’മായി സഹകരിക്കാൻ കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വദേശികളെ നിയമിക്കുന്നതു സംബന്ധിച്ചുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും കമ്പനികളെ ബോധ്യപ്പെടുത്താൻ നാഫിസ് ശിൽപശാലകൾ സംഘടിപ്പിക്കുന്നുണ്ട്. വ്യാജ നിയമനങ്ങളിലൂടെ സ്വദേശിവൽക്കരണം മറികടക്കാൻ ശ്രമിക്കുന്നവർക്കു വൻതുക പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

By admin