• Fri. Jul 4th, 2025

24×7 Live News

Apdin News

അങ്ങാടിയില്‍ തോറ്റതിന്…വിലകുറഞ്ഞ മറാത്താ ഭാഷാ കാര്‍ഡിറക്കി മഹാരാഷ്‌ട്രയില്‍ കലാപമുണ്ടാക്കാന്‍ ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ശ്രമം

Byadmin

Jul 3, 2025


മുംബൈ: 2024ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ ശേഷം തലപൊക്കാനാകാതെ നട്ടം തിരിയുകയാണ് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന. നാള്‍ക്കുനാള്‍ എംപിമാരും മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളും ബിജെപിയിലേക്കും ഏക്നാഥ് ഷിന്‍ഡേ ശിവസേന പക്ഷത്തേക്കും ഒഴുകുകയാണ്. ഇതോടെ തീര്‍ത്തും അപ്രസക്തമായ പാര്‍ട്ടിയെ ഏത് വിധേനെയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി മഹാരാഷ്‌ട്രയില്‍ ഭാഷയുടെ പേരില്‍ കലാപമുണ്ടാക്കാനുള്ള നീക്കത്തിലാണ് ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും കസിന്‍ സഹോദരനായ രാജ് താക്കറെയും. പിന്നില്‍ അനുഗ്രഹാശിസ്സുകളോടെ ശരത് പവാറും രാഹുല്‍ ഗാന്ധിയും എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും.

വാസ്തവത്തില്‍ മഹാരാഷ്‌ട്രയിലെ സ്കൂളുകളില്‍  നിര്‍ബന്ധമായും പഠിപ്പിക്കേണ്ട മൂന്നാമത്തെ ഭാഷയായി ഹിന്ദിയെ നിശ്ചയിച്ചത് ഉദ്ധവ് താക്കറെ  മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്.  ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍  ഇതില്‍ ഉത്തരവും ഇറക്കിയതാണ്. എന്നാല്‍ ഇപ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്‌ട്രയിലെ ഫഡ് നാവിസ് സര്‍ക്കാര്‍ ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ മറാത്തിയ്‌ക്കും ഇംഗ്ലീഷിനും പുറമെ നിര്‍ബന്ധമായും പഠിപ്പിക്കേണ്ട മൂന്നാം ഭാഷയായി ഹിന്ദി കൂടി പഠിപ്പിക്കണമെന്ന് പറഞ്ഞതിനെതിരെ കലാപം കൂട്ടുകയാണ് ഉദ്ധവ് താക്കറെയും രാജ് താക്കറെയും.  മഹാരാഷ്‌ട്രയിലെ സ്കൂളുകളില്‍ മറാത്തയെ തഴഞ്ഞ് ഹിന്ദി അടിച്ചേല്‍പിക്കുന്നുവെന്ന ഭീതി മറാത്തക്കാര്‍ക്കുള്ളില്‍ നിറയ്‌ക്കുകയാണ് ഉദ്ധവ് താക്കറെ. ഒരു കാര്യം നേരെ തിരിച്ചും മറിച്ചും സംസാരിക്കുന്ന ‘പള്‍ടുമാന്‍’ ആയി മാറിയിരിക്കുകയാണ് ഉദ്ധവ് താക്കറെയെന്നാണ് ഫഡ്നാവിസ് പരിഹസിക്കുന്നത്.

ബൃഹന്‍മയിമുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഇവിടെ ബിജെപി നേതൃത്വത്തിലുള്ള ഭരണം വരുമെന്ന് ഉറപ്പായി. കഴിഞ്ഞ തവണ ഉദ്ധവ് താക്കറെ പക്ഷത്ത് 86ഉം  ബിജെപിയ്‌ക്ക് 82ഉം മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ ഉണ്ടായിരുന്നു. അങ്ങിനെ ഉദ്ധവ് താക്കറെ ബൃഹന്‍മയി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരണം പിടിച്ചിരുന്നു.  ഇക്കുറി ഇതുവരെയും ഉദ്ധവ് പക്ഷത്തുള്ള 50 മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക് കൂടുമാറിക്കഴിഞ്ഞു. കുറെപ്പേര്‍ ഏക്നാഥ് ഷിന്‍ഡേയുടെ പക്ഷത്തേക്കും ചേക്കേറി. ഇതോടെ ഇക്കുറി 70,000 കോടി രൂപയ്‌ക്ക് മേല്‍ വാര്‍ഷിക ബജറ്റുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മുനിസിപ്പല്‍ കോര്‍പറേഷനായ ബിഎംസി ബിജെപി പിടിക്കുമെന്ന് ഉറപ്പായി. ഇതിനെ തടയാന്‍ ഒരു കലാപം തന്നെ സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നീട്ടിവെയ്‌പ്പിക്കാനുള്ള ശ്രമമാണ് ഉദ്ധവ് താക്കറെ നടത്തുന്നത്. ഈ കലാപത്തിന് കരുത്തുകൂട്ടാന്‍ വര്‍ഷങ്ങളായി വേര്‍പിരിഞ്ഞുനിന്നിരുന്ന കസിന്‍ സഹോദരനായ രാജ് താക്കറെയുമായി കൈകോര്‍ക്കുകയാണ് ഉദ്ധവ് താക്കറെ. ഇതിന് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പുറത്തുനിന്നുള്ള സര്‍വ്വ ആശംസകളും അവര്‍ക്കുണ്ട്.

മറാത്ത അഭിമാനമുണര്‍ത്തി അധികാരത്തെ നിയന്ത്രിച്ച ബാല്‍താക്കറെ

മറാത്ത മറാത്തക്കാര്‍ക്ക് എന്ന മുദ്രാവക്യം ആദ്യം ഉയര്‍ത്തിയത് ബാല്‍ താക്കറെയാണ്. ഹിന്ദുവികാരവും മറാത്ത അഭിമാനവും ഉണര്‍ത്തി മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ അധികാരം നിയന്ത്രിക്കാന്‍ കഴിയുമെന്ന ഫോര്‍മുല ആദ്യമായി കണ്ടെത്തിയതും പരീക്ഷിച്ചതും ഒരു പത്രത്തിലെ കാര്‍ട്ടൂണിസ്റ്റായ ബാല്‍ താക്കറെയാണ്. ഉദ്ധവ് താക്കരെയുടെ പിതാവ്. 1960ല്‍ സ്വന്തമായി ഒരു കാര്‍ട്ടൂണ്‍ വാരിക തുടങ്ങിയ ശേഷം ബാല്‍ താക്കറെ അതില്‍ മറാത്തക്കാരുടെ അഭിമാനം ഉണര്‍ത്തിക്കൊണ്ടേയിരുന്നു. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്നും വന്നവര്‍ മുംബൈ നഗരത്തിലെ തൊഴിലുകള്‍ കയ്യടക്കിയതോടെ ആ നാട്ടില്‍ ജനിച്ചുവളര്‍ന്ന മറാത്തക്കാരുടെ നഷ്ടബോധത്തെ ഒരു കലാപമാക്കി വളര്‍ത്താന്‍ ബാല്‍ താക്കറെയ്‌ക്ക് കഴിഞ്ഞു. അന്ന് മദിരാശിക്കാരേയും വടക്കേയിന്ത്യക്കാരെയും മറാത്തക്കാര്‍ മുംബൈ നഗരത്തില്‍ നിന്നും കൈയ്യൂക്ക് കാണിച്ച് ഓടിക്കാന്‍ ശ്രമിച്ചു.തന്റെ പരീക്ഷണം വിജയിച്ചതോടെയാണ് ശിവസേന എന്ന പാര്‍ട്ടി ബാല്‍ താക്കറെ രൂപീകരിച്ചത്. മറാത്തക്കാരെ ശിവസൈനികര്‍ എന്നാണ് വിളിച്ചിരുന്നത്. അന്ന് ശിവസൈനികര്‍ ഹിന്ദുമതബോധത്തില്‍ അടിയുറച്ച് മഹാരാഷ്‌ട്രയില്‍ വേരുകളാഴ്‌ത്തിയ മുസ്ലിം അടിത്തറയുള്ള അധോലോകക്കാര്‍ക്കെതിരെയും തിരിഞ്ഞിരുന്നു.

ബാല്‍ താക്കറെയുടെ ആശയങ്ങളില്‍ വെള്ളം ചേര്‍ത്ത മകന്‍

പിതാവിന്റെ ആശയങ്ങളില്‍ വെള്ളം ചേര്‍ത്ത ഉദ്ധവ്താക്കറെ
പിതാവ് ബാല്‍താക്കറെയെപ്പോലെ കര്‍ശനസ്വഭാവക്കാരനല്ല ഉദ്ധവ് താക്കറെ. അവസരവാദിയുമാണ്. ഒരിയ്‌ക്കല്‍ രാഷ്‌ട്രീയത്തില്‍ കൂടുതലായി ഗൗരവത്തോടെ ശ്രദ്ധിച്ച കസിന്‍ സഹോദരനായ രാജ് താക്കറെ ഭരണം തട്ടിയെടുക്കുമെന്ന ഭീഷണി ഉയര്‍ന്നപ്പോള്‍ രാജ് താക്കറെയെ ഒരു കൊലപാതകക്കേസില്‍ കുടുക്കി ഒതുക്കിയ കൗശലക്കാരനാണ് ഉദ്ധവ് താക്കറെ. ഇപ്പോള്‍ അതെല്ലാം മറന്ന് രാജ് താക്കറെ ഉദ്ധവ് താക്കറെയോട് കൈകോര്‍ത്തിരിക്കുകയാണ്. കയ്യില്‍ കൗശലമുണ്ടെങ്കിലും പിതാവ് ബാല്‍താക്കറെയുടെ ശക്തമായ രാഷ്ടീയ ധാരണ ഉദ്ധവ് താക്കറെയ്‌ക്കില്ല. അതാണ് മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ബിജെപിയെ വഞ്ചിച്ച് എന്‍സിപിയുമായും കോണ്‍ഗ്രസുമായും കൈകോര്‍ത്ത് ഉദ്ധവ് താക്കറെ 2019ല്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായത്. സീനിയറായ ശിവേസന നേതാക്കളെ തഴഞ്ഞ് കോളെജ് വിദ്യാര്‍ത്ഥിയായ മകന്‍ ആദിത്യ താക്കറെയെയും മന്ത്രിയാക്കി. ബാല്‍ താക്കറെ ഒരിയ്‌ക്കലും അധികാരക്കസേരയില്‍ ഇരുന്നിട്ടില്ല. പുറത്തിരുന്ന് അധികാരക്കേസരകളില്‍ ഇരുന്ന മന്ത്രിമാരെ നിയന്ത്രിക്കുകയായിരുന്നു അദ്ദേഹം. പക്ഷെ ഉദ്ധവ് താക്കറേ അധികാരത്തിന്റെ അപ്പക്കഷണത്തില്‍ വീണുപോയ നേതാവായി മാറി. ഇതോടെയാണ് അദ്ദേഹത്തിന്റെ കഷ്ടകാലവും തുടങ്ങിയത്. ബാല്‍താക്കറെയുടെ നിതാന്ത ശത്രുവായ ശരത് പവാറുമായും കോണ്‍ഗ്രസുമായും കൂട്ടുചേര്‍ന്നത് ശിവസേനനേതാക്കള്‍ക്കിടയില്‍ തന്നെ ഉദ്ധവ് താക്കറെയോടുള്ള വെറുപ്പ് വര്‍ധിപ്പിച്ചു. അതാണ് പിന്നീട് സീനിയര്‍ നേതാവായ ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് താക്കറെയെ വിട്ട് ബിജെപിയുമായി കൂട്ടുകൂടാന്‍ കാരണമായത്.

ഇപ്പോള്‍ ഉദ്ധവ് താക്കറെയ്‌ക്ക് എല്ലാം കൈവിട്ടുപോയിരിക്കുന്നു. പിതാവ് സൃഷ്ടിച്ച ശിവസേനയുടെ പൈതൃകവും ഇലക്ഷന്‍ ചിഹ്നവും വരെ നഷ്ടമായി. ഇനി അടുത്തെങ്ങും അധികാരത്തിലേക്ക് തിരിച്ചുവരവില്ല. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനും ബിജെപിയുടെ കൈകളിലേക്ക് പോകാനിരിക്കുന്നു. ഇനി കലാപത്തിലൂടെയും പഴയ മറാത്ത അഭിമാനമുണര്‍ത്തുന്നതിലൂടെയും നഷ്ടമായ അധികാരബലം തിരിച്ചുപിടിക്കാമെന്നാണ് ഉദ്ധവ് താക്കറെ കണക്ക് കൂട്ടുന്നത്. പക്ഷെ അത് എത്രത്തോളം സാധ്യമാകും? കഴിഞ്ഞ ദിവസം മറാത്ത സംസാരിക്കാന്‍ മടി കാട്ടിയ മിറ റോഡിലെ ഒരു കടയുടമയെ ഉദ്ധവ് താക്കറെയുടെ ശിവസൈനികര്‍ മര്‍ദ്ദിച്ചിരിക്കുകയാണ്. രാജ് താക്കറെയുടെ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയുടെ പ്രവര്‍ത്തകരാണ് ഈ കടയുടമയെ തല്ലിച്ചതച്ചത്. പൊതുവേ തീവ്രസ്വഭാവക്കാരാണ് രാജ് താക്കറെയും അദ്ദേഹത്തിന്റെ അനുയായികളും. ഇതിന് പിന്നാലെ, മറാത്ത സംസാരിക്കാത്തവര്‍ക്ക് മറാത്ത മണ്ണില്‍ ഇടമില്ലെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ. ഇവര്‍ക്ക് പിന്നില്‍ എന്‍ജിഒകളും ന്യുനപക്ഷവും കമ്മ്യൂണിസ്റ്റുകളും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും എന്‍സിപിയുടെ ശരത് പവാറും ഉണ്ട്. പക്ഷെ കഴിഞ്ഞ ദിവസം ആദിത്യ താക്കറെ കുശാലായ തീന്‍മേശയില്‍ ഹിന്ദി സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇനിയും മറാത്ത വികാരം ആളിക്കത്തിച്ച് ഭരണം പിടിച്ചെടുക്കാന്‍ ഉദ്ധവ് താക്കറെയ്‌ക്ക് ആകുമോ? കഴിയുമെന്ന് തോന്നുന്നില്ലെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.



By admin