• Thu. Oct 1st, 2026

24×7 Live News

Apdin News

അടിച്ചുകയറിയത് സഞ്ജുവിന്റെ റെക്കോർഡിനൊപ്പം; ചരിത്രം തിരുത്തി ഇഷാൻ കിഷൻ

Byadmin

Oct 1, 2026


ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിലേക്ക് കടന്നു. ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 9.5 ഓവറിൽ വെറും 45 റൺ‍സിന് പുറത്തായി. ഇന്ത്യൻ നിരയിൽ തിളങ്ങിയത് ഇഷാൻ കിഷനാണ്. 46 പന്തിൽ‍ 4 ഫോറും 5 സിക്സറുമടക്കം 80 റൺസ് നേടിയാണ് ഇഷാൻ കിഷൻ ഇന്ത്യയുടെ രക്ഷകനായത്.

മുൻനിര ബാറ്റർമാരായ അഭിഷേക് ശർമ്മ (7), സഞ്ജു സാംസൺ (7), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (13), തിലക് വർമ്മ (3) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ഒരറ്റത്ത് വിക്കറ്റ് വീഴാതെ കാത്ത ഇഷാൻ കിഷന്റെയും, ഓപ്പണർ വൈഭവ് സൂര്യവംശിയുടെയും ബാറ്റിംഗാണ് ഇന്ത്യയെ രക്ഷിച്ചത്.

ഈ തകർപ്പൻ ഇന്നിംഗ്സിന് പിന്നാലെ ഇന്റർനാഷണൽ ടി-20യിൽ നോക്ക് ഔട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ 50+ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായും ഇഷാൻ മാറി. താരത്തിന്റെ നോക്ക് ഔട്ടിലെ രണ്ടാം 50+ സ്കോറാണ് ജപ്പാൻ മണ്ണിൽ പിറന്നത്. വെറും മൂന്ന് നോക്ക് ഔട്ട് ഇന്നിംഗ്‌സുകളിൽ നിന്നാണ് ഇഷാന്റെ നേട്ടം.

ഈ റെക്കോഡിൽ മലയാളി താരം സഞ്ജു സാംസൺ, തിലക് വർമ്മ, രോഹിത് ശർമ്മ എന്നിവർക്കൊപ്പമാണ് ഇഷാൻ ഇടം പിടിച്ചത്. ഈ റെക്കോഡിൽ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോലിയാണ്. 5 തവണയാണ് വിരാട് നോക്ക് ഔട്ട് മത്സരങ്ങളിൽ 50 കടന്നത്.

മത്സരത്തിൽ ഇഷാനൊപ്പം വൈഭവ് 21 പന്തിൽ 38 റൺസെടുത്ത് ഇന്ത്യക്ക് മാന്യമായ ടോട്ടൽ നൽകുന്നതിൽ നിർണായകമായി.

170 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ ഇന്ത്യ തിരിച്ചടിയേകി. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ സിനേത് ജയവർദ്ധനെയെ (0) വിക്കറ്റിന് മുന്നിൽ കുടുക്കി ജസ്പ്രീത് ബുംറ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.

അഞ്ചാം പന്തിൽ സോഹൻ ഡി ലിവേറയെ ബുംറയുടെ പന്തിൽ‍ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇടത്തോട്ട് പറന്ന് ഒറ്റക്കൈയിൽ ഉഗ്രൻ ക്യാച്ചിലൂടെ പുറത്താക്കിയതോടെ ലങ്ക ഞെട്ടി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ലസിത് ക്രൂസ്പുല്ലെയെ രവി ബിഷ്ണോയിയുടെ നേരിട്ടുള്ള ത്രോ റണ്ണൗട്ടാക്കിയതോടെ ലങ്ക 2 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ തകർന്നു.

തുടർന്ന് നാലാം ഓവറിലെത്തിയ അക്സർ പട്ടേൽ, ക്യാപ്റ്റൻ സഹൻ അരച്ചിഗെയെയും (9) അഷൻ ബണ്ഡാരയെയും (0) പുറത്താക്കിയതോടെ ലങ്കൻ സ്കോർ 18-5 ലേക്ക് കൂപ്പുകുത്തി.

പവർ പ്ലേയ്ക്ക് ശേഷം വാഷിംഗ്ടൺ സുന്ദറിനെ രണ്ട് സിക്സറിന് പറത്തി നുവാനിന്ദു ഫെർണാണ്ടോ (11 പന്തിൽ 15) ചെറുത്തുനില്പിന് ശ്രമിച്ചെങ്കിലും റണ്ണൗട്ടായി മടങ്ങി. വാനുജ സഹനെ (1) വാഷിംഗ്ടൺ സുന്ദറും പുറത്താക്കി. അവസാന രണ്ട് വിക്കറ്റുകൾ തുടർച്ചയായ പന്തുകളിൽ വീഴ്ത്തി അഭിഷേക് ശർമ ശ്രീലങ്കയുടെ പതനം പൂർത്തിയാക്കി.

ശനിയാഴ്ച നടക്കുന്ന ആവേശകരമായ സ്വർണ മെഡൽ പോരാട്ടത്തിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. വെങ്കല മെഡലിനായി ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും.







By admin