ആലപ്പുഴ: പ്രിയപ്പെട്ട നേതാവിന് അവസാനമായി ഒരു അന്ത്യാഞ്ജലി അര്‍പ്പിക്കാനായി തിക്കിത്തിരക്കി പുന്നപ്ര വേലിക്കകത്ത് വീട്ടില്‍ ജനക്കൂട്ടം. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതീകശരീരം പുന്നപ്രയിലെ വീട്ടിലെത്തിച്ചു. കഴിഞ്ഞദിവസം രണ്ടു മണിയോടെ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച വിലാപയാത്ര ഉച്ചയ്ക്ക് 12.30 യോടെയാണ് വേലിക്കകത്ത് വീട്ടിലേക്ക് എത്തിയത്.
വി.എസിന്റെ വീട്ടിലേക്കുള്ള വഴിയും വീടും നേരത്തേ തന്നെ ജനസമുദ്രമായി മാറിയിരുന്നു. ഏറെ വൈകിയിരുന്നതിനാല്‍ ഒരു മണിക്കൂറാണ് വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുക. റിക്രിയേഷന്‍ ക്ലബ്ബിലേക്ക് എത്താനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. വന്‍ ജനാവലിയാണ്് വീരസഖാവിന് വേണ്ടി കണ്ഠമിടറിയും മുഷ്ടി ഉയര്‍ത്തിയും യാത്രയിലുടനീളം അഭിവാദ്യം അര്‍പ്പിച്ച് കാത്തുനിന്നത്.
വിലാപയാത്രയെ പിന്തുടര്‍ന്ന് വഴിയരികിലും പ്രധാന ജംഗ്ഷനിലും നില്‍ക്കുന്ന ജനമനസ്സുകള്‍ക്ക് പുറമേ പുന്നപ്രയിലെ വീട്ടിലേക്കും ആയിരങ്ങള്‍ രാവിലെ മുതല്‍ തന്നെ ഒഴുകിയെത്തിയിരുന്നു. വിഎസിന്റെ മണ്ഡലമായിരുന്ന മലമ്പുഴയിലെയും, പാലക്കാട് ജില്ലയിലെയും വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നിരവധി ജനങ്ങള്‍ ഇതിനകം ‘വേലിക്കകത്ത്’ വീട്ടില്‍ എത്തിയിരുന്നു. അനേകരാണ് രാത്രി തന്നെയെത്തി വരി നിന്നത്. വലിയ പൊലീസ് സന്നാഹത്തെയാണ് ഇവിടം വിന്യസിച്ചിരിക്കുന്നത്.
വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 11 മണിക്ക് സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം വലിയചുടുക്കാട്ടില്‍ സംസ്‌കാരവും നടക്കും. മുന്‍പ് തീരുമാനിച്ച സമയത്ത് എല്ലാം നടക്കാന്‍ കഴിയാത്തത് മൂലം ഡി.സി.യിലെ പൊതുദര്‍ശന സമയം അരമണിക്കൂറായി കുറച്ചിട്ടുണ്ട. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് വി.എസിന്റെ ഭൗതീകശരീരവും വഹിച്ചുള്ള വിലാപയാത്ര തുടങ്ങിയത്.