നടി തൃഷക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്‌റ്റാലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഗായിക ചിന്മയി. ചുറ്റും കൂടിനിന്ന അണികളോട് മാന്യമായി പെരുമാറാൻ ആവശ്യപ്പെടേണ്ട ഉദയനിധി അതിലും ഹീനമായ പരാമർശം നടത്തുകയാണ് ഉണ്ടായതെന്ന് ചിന്മയി വിമർശിച്ചു. ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് ആദ്യം മനസ്സിലായില്ലെന്നും പിന്നീട് ഒരു സുഹൃത്താണ് ഇക്കാര്യം മനസ്സിലാക്കി തന്നതെന്നും ചിന്മയി പറഞ്ഞു.എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ചിന്മയി തന്റെ പ്രതിഷേധം അറിയിച്ചത്
ചിന്മയിയുടെ വാക്കുകൾ;
‘രാഷ്‌ട്രീയത്തിലെ പുരുഷന്മാർ, തങ്ങളുടെ രാഷ്‌ട്രീയ പ്രവർത്തികളും പരാമർശങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സ്ത്രീകളെ വലിച്ചിഴയ്‌ക്കുന്നതിന് പകരം യഥാർഥ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ അത് ഗംഭീരമാകുമായിരുന്നു. ഡിഎംകെയിലെ ശിവാജി കൃഷ്ണമൂർത്തിയെപ്പോലെയുള്ള അസഭ്യം പറയുന്നവർ രാഷ്‌ട്രീയ വേദികളിൽ ഇത്രയധികം അശ്ലീലമായി സംസാരിച്ചത്, അങ്ങനെ ചെയ്യാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ്. ഒരിക്കലല്ല, അദ്ദേഹം പുറത്താക്കപ്പെടുന്നതുവരെ പലതവണ. തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവ് പറഞ്ഞതിന്റെ യഥാർഥ അർഥം എനിക്ക് മനസ്സിലായില്ല. സുഹൃത്തുക്കളാണ് എനിക്ക് അതിന്റെ ഉള്ളടക്കം വിശദീകരിച്ചു തന്നത്. ഉദയനിധി കുടിവെള്ള കണക്ഷനെക്കുറിച്ചാണ് സംസാരിച്ചത് എന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ മിക്ക സ്ത്രീകൾക്കും അത് മനസ്സിലായില്ലെന്ന് പിന്നീട് അറിഞ്ഞു. അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യമായിരുന്നു. ചുരുങ്ങിയ പക്ഷം അദ്ദേഹത്തിന് ചെയ്യാൻ കഴിയുമായിരുന്നത്, തന്റെ അണികളോട് നിശബ്ദരാകാനോ നന്നായി പെരുമാറാനോ ആവശ്യപ്പെടുക എന്നതായിരുന്നു. എന്നാൽ അദ്ദേഹം അതിനേക്കാൾ വളരെ മോശമായ ഒന്ന് പറയുകയാണുണ്ടായത്.
തീർച്ചയായും, ഈ വ്യവസ്‌ഥിതിയിലുള്ള ആർക്കും പറയാൻ വളരെ എളുപ്പമാണ്. മോശമായ ഒരർഥമാണ് നമ്മൾ അതിന് നൽകിയതെങ്കിൽ അത് നമ്മുടെ കുഴപ്പമാണെന്നും നമ്മുടെ ചിന്താഗതി മോശമാണെന്നും. പക്ഷേ അന്തരിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി ജയലളിതയെക്കുറിച്ച് ഇതേ വ്യവസ്‌ഥിതി എങ്ങനെയാണ് പരാമർശിച്ചിരുന്നതെന്നും സംസാരിച്ചിരുന്നതെന്നും ഓർക്കാൻ എനിക്ക് കഴിയുന്നുണ്ട്. പഴയ തലമുറയിലെ അസഭ്യങ്ങൾ, അശ്ലീലപരാമർശങ്ങൾ സാധാരണവൽക്കരിക്കപ്പെട്ടിരുന്നു. പഴയകാലത്തെ മുതിർന്ന രാഷ്‌ട്രീയ നേതാക്കളുടെ പ്രസംഗഭാഗങ്ങൾ ചേർത്തുള്ള നിരവധി റീലുകൾ ഇപ്പോൾ പ്രചാരത്തിലുണ്ട്. എന്നാൽ യുവതലമുറയിൽപ്പെട്ട ഒരാൾ കൂടുതൽ മികച്ചവനായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, അല്ലാതെ അസഭ്യം പറഞ്ഞ് കൂടുതൽ മോശമാകരുത്. എന്തൊരു നിരാശ.
സ്ത്രീകൾ വേണ്ടത്ര രോഷാകുലരല്ല, രോക്ഷത്തോടെ ബാധിക്കപ്പെട്ട സ്ത്രീക്ക് ഐക്യദാർഢ്യം’, ചിന്മയിയുടെ വാക്കുകൾ.