അനാദിയായ കാലം. അതിന്റെ അതിപാവനമായ ഒരേടില്‍ ശ്രീരാമന്റെ കഥ, അദ്ധ്യാത്മരാമായണം ആരംഭിക്കുന്നത് അതിവിശിഷ്ടമായ രാമനാമജപത്തിലൂടെയാണ്.
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ!
രാമജപത്തിന്റെ ആവര്‍ത്തനം അതിമധുരവും അതിശക്തവുമാണ്. ‘രാമ’ എന്ന നാമം ഉച്ചരിക്കുന്ന മാത്രയില്‍ ഹൃദയം പ്രശാന്തമാവുകയും ദുഃഖങ്ങള്‍ അകലുകയും ചെയ്യുന്നു. തുഞ്ചത്ത് എഴുത്തച്ഛന്‍ രചിച്ച അദ്ധ്യാത്മരാമായണം ആരംഭിക്കുന്നത് ഇങ്ങനെയാണ്, രാമന്റെ പുണ്യനാമത്തിന്റെ ആവര്‍ത്തന ജപം, പതിതജന്മങ്ങളെപ്പോലും പരിവര്‍ത്തനം ചെയ്യുന്നതത്രേ. ശ്രീ രാമ രാമ രാമ…
ഏറെ യുഗങ്ങള്‍ക്ക്മുമ്പ്, വനാന്തരങ്ങളില്‍ ജീവിച്ചുവന്ന ഒരു വേടനുണ്ടായിരുന്നു. തീരെ വിദ്യാഭ്യാസമില്ലാത്തവനും അജ്ഞനുമായ അയാള്‍ ഒരു ദിവസം, ‘മരാ, മരാ, മരാ, മരാ’, എന്നുച്ചരിച്ച് താനറിയാതെതന്നെ ‘രാമ, രാമ, രാമ’, എന്നിങ്ങിനെ രാമനാമം ജപിക്കാന്‍ തുടങ്ങി. അവന്റെയാ നിഷ്‌കളങ്ക പ്രവൃത്തി, അനിച്ഛാപൂര്‍വം ചെയ്ത രാമനാമജപം, അവനെ അജ്ഞാനത്തിന്റെ ഇരുട്ടില്‍ നിന്ന് കരകയറ്റി, വാല്മീകിയെന്ന മഹര്‍ഷിയാക്കി മാറ്റി. അദ്ദേഹം രാമായണകാവ്യത്തിന്റെ രചയിതാവായി. ഇത് ഒരു സാധാരണ കാവ്യരചനയായിരുന്നില്ല. സാക്ഷാല്‍ ബ്രഹ്മദേവനാണ് വാല്മീകിയെ ഇതിനായി തിരഞ്ഞെടുത്തത്. അക്ഷരദേവതയായ സരസ്വതിദേവി, വാല്മീകിയുടെ നാവില്‍ വിരാജിച്ച് ഓരോ അക്ഷരവും, വാക്കും, ശ്ലോകവും, ദിവ്യസത്യത്തിന്റെ, കാവ്യഗരിമയുടെ, നിറവുകൊണ്ട് മുഗ്ധമാക്കി. അതില്‍ പറഞ്ഞ കഥയോ? അതൊരു തവണ കേള്‍ക്കുന്നത് പോലും മോക്ഷത്തിന്റെ വാതിലുകള്‍ തുറക്കാന്‍ കഴിയുന്നത്ര പരിപാവനമാണ്. കാലാതീതമായ സത്യത്തിന്റെ, ധര്‍മ്മമാര്‍ഗ്ഗത്തിന്റെ, നിതാന്തമായി നമ്മിലുണര്‍ന്നിരിക്കുന്ന ദിവ്യത്യയുടെ, സാദ്ധ്യതാ സാന്നിദ്ധ്യം അടയാളപ്പെടുത്തുന്ന, ഉദാത്തവും പ്രചോദനപ്രദവുമായ ആദികാവ്യമാണ് വാല്മീകി പറഞ്ഞുവച്ച രാമന്റെ കഥ. അന്നും ഇന്നും ഒരുപോലെ സാംഗത്യമുള്ള കഥയും കഥയ്‌ക്കുള്ളിലെ കാര്യവുമാണ് രാമായണം
വ്യാസവിരചിതമായ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ശൈലിയില്‍ ഭാഷാപിതാവായ എഴുത്തച്ഛന്‍ മലയാളഭാഷയ്‌ക്ക് സമര്‍പ്പിച്ച മഹത്തായ കാവ്യമാണ് അദ്ധ്യാത്മരാമായണം.
ഉമാമഹേശ്വര സംവാദം
കൈലാസപര്‍വതത്തില്‍, പരമശിവന്റെ സഹധര്‍മ്മിണിയായ പാര്‍വതി, ശ്രീരാമന്റെ അവതാര രഹസ്യം മനസ്സിലാക്കാന്‍ ആഗ്രഹിച്ചു. അറിവിന്റെ, ആത്മസംയമനത്തിന്റെ, കേദാരമായ ഭര്‍ത്താവിന്റെ മുമ്പില്‍ വണങ്ങി നിന്ന് ദേവി ആവശ്യപ്പെട്ടത് കേവലം കഥ മാത്രമല്ല, കഥയുടെ പിറകിലുള്ള ആന്തരികസത്തകൂടിയാണ്. ധര്‍മ്മം, കര്‍മ്മം, ഭക്തി, ദിവ്യാചരണങ്ങളുടെ രീതികളും നിഷ്ഠകളും, അവയുടെ രഹസ്യങ്ങള്‍, എല്ലാം സാമ്യക്കായി അറിയാനാണ് പാര്‍വ്വതി അപേക്ഷിച്ചത്.
പാര്‍വതിയുടെ വിനയവും ആഗ്രഹവും കണ്ട് സന്തുഷ്ടനായ ശിവന്‍ സമ്മതിച്ചു. ‘ഞാനും രാമന്റെ ഭക്തനാണ്, അതുകൊണ്ട് രാമന്റെ കഥ പറയാന്‍ എനിക്കും സന്തോഷമാണ്. മാത്രമല്ല, നിന്റെ ചോദ്യവും വളരെ നന്നായി. തികച്ചും അര്‍ഹയായ ഒരാള്‍ക്കായി രാമകഥപറഞ്ഞു കൊടുക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യവും എനിക്കുണ്ടാവുമല്ലോ!’ അങ്ങനെ മഹത്തായ കഥാകഥനം ആരംഭിച്ചു.
ലങ്കയിലെ അതിഭീകരമായ യുദ്ധത്തിനുശേഷം, രാവണനിഗ്രഹം കഴിഞ്ഞു വിജയശ്രീലാളിതനായ ശ്രീരാമന്‍ സീതാദേവിയോടൊപ്പം അയോദ്ധ്യയിലേക്ക് മടങ്ങി, രാജാവായി കിരീടധാരണം ചെയ്തു. മുനിമാര്‍, പ്രഭുക്കള്‍, വിശ്വസ്ത വാനരന്മാര്‍, സേനാനികള്‍, എന്നിവര്‍ നിറഞ്ഞ രാജസഭയില്‍, ഹനുമാന്‍ നിശബ്ദനായി, കൈകള്‍ കൂപ്പി, തന്റെ പ്രഭുവിനോടുള്ള ഭക്തിപ്രഹര്‍ഷത്താല്‍ കണ്ണുകള്‍ നിറഞ്ഞ് നിന്നു. തന്റെ ഉല്‍കൃഷ്ടനായ ഭക്തനെ നോക്കി, രാമന്‍ സീതയോട് പറഞ്ഞു, ‘നമ്മുടെ ഉള്ളിന്റെ ഉള്ളിലെ സത്യം ശരിയായി ഗ്രഹിക്കാന്‍ ഏറ്റവും യോഗ്യനായി ഞാന്‍ കാണുന്നത് ഹനുമാനെ മാത്രമാണ്. അതുകൊണ്ട് ദേവിതന്നെ അവന് പരമാര്‍ത്ഥ തത്ത്വം ഉപദേശിച്ചാലും’
അതികൃപയോടെ, മൃദുലമധുരമായ സ്വരത്തില്‍ സീത ഹനുമാനോട് പറഞ്ഞു: ‘വായുപുത്രാ, അറിഞ്ഞാലും, പരമസത്യം ബ്രഹ്മം ഒന്നുമാത്രമാണ്. രൂപരഹിതവും, കാലാതീതവും, വാക്കുകള്‍ക്കപ്പുറവും, അനന്തവും ആണത്. ആ പരബ്രഹ്മം ഇപ്പോള്‍ ശ്രീരാമനായി നമ്മുടെ മുന്നില്‍ പ്രത്യക്ഷമായി നില്‍ക്കുന്നു. ഞാന്‍, പ്രകൃതിയായി, അദ്ദേഹന്റെ സാന്നിദ്ധ്യത്തില്‍ മാത്രം നൃത്തം ചെയ്യുന്ന സൃഷ്ടിശക്തിയാണ്. ഞാന്‍ പ്രവര്‍ത്തിക്കുമെങ്കിലും, അദ്ദേഹമാണ് എന്നെ ചടുലമാക്കുന്നത്. ബ്രഹ്മം പ്രവര്‍ത്തിക്കുന്നതായി തോന്നുമെങ്കിലും, അതെന്നുമെപ്പോഴും നിശ്ചലമാണ്. ആദിമദ്ധ്യാന്ത രഹിതമാണ്. ‘
ശ്രീരാമന്‍ കൂട്ടിച്ചേര്‍ത്തു, ‘ഒരേ ആകാശം പലേ ജലാശയങ്ങളില്‍ പ്രതിഫലിക്കുന്നതുപോലെ, പരമാത്മാവ് അല്ലെങ്കില്‍ പരബ്രഹ്മം അസംഖ്യം ജീവാത്മാക്കളായി പ്രതിഫലിക്കുന്നു. ആകാശം അസംഖ്യം വസ്തുക്കളില്‍ പ്രതിഫലിച്ചു കാണുമ്പോള്‍ ആ കാഴ്‌ച്ചകളുടെ നാമരൂപഭാവങ്ങള്‍ വ്യത്യാസപ്പെട്ടേക്കാം, പക്ഷേ ആകാശം എപ്പോഴും മാറ്റമില്ലാതെ നിലനില്‍ക്കുന്നു. അതുപോലെ, എല്ലാ ജീവാത്മാക്കളും ആ പരമാത്മാവിന്റെ പ്രതിഫലനങ്ങള്‍ മാത്രമാണ്. അവര്‍ ഓരോരുത്തരും പരമാത്മാവുമായുള്ള തങ്ങളുടെ ഐക്യം തിരിച്ചറിയുന്ന നിമിഷം, എല്ലാ ദുഃഖവും അവസാനിക്കുന്നു.’ സീതാദേവിയുടെയും ശ്രീരാമന്റേയും വാക്കുകള്‍ കേട്ട് ഹൃദയം നിറച്ചു പുളകംപൂണ്ട ദേഹത്തോടെ ഹനുമാന്‍ തൊഴുതുനിന്നു.
ശിവന്‍ പാര്‍വതിയോട് കഥനം തുടര്‍ന്നു. ‘തിന്മനിറഞ്ഞവരുടെ ഭാരംകൊണ്ട് വലഞ്ഞ് ഭൂമീദേവി തന്റെ രക്ഷയ്‌ക്കായി ബ്രഹ്മദേവനോട് സങ്കടം പറഞ്ഞ് അപേക്ഷിച്ചപ്പോള്‍ ബ്രഹ്മാവ് മഹാവിഷ്ണുവിനെക്കണ്ട് ഭൂമീദേവിയുടെ ദുഖശമനം നടത്താനുള്ള മാര്‍ഗ്ഗം തേടി. അവരുടെ പ്രാര്‍ത്ഥനകളില്‍ സന്തോഷിച്ച്, മഹാവിഷ്ണു, ഭൂരക്ഷയ്‌ക്കായി താന്‍ ദശരഥരാജാവിന്റെ പുത്രന്‍ രാമനായി ഭൂമിയില്‍ അവതരിക്കാമെന്ന് അവര്‍ക്ക് വാഗ്ദാനം നല്കി.’
പുത്രകാമേഷ്ടിയാഗം, ശ്രീരാമാവതാരം
തുടര്‍ന്ന്, രാമായണകഥയുടെ ഭൂമിക അയോദ്ധ്യയിലേക്ക് മാറുന്നു. അദ്ധ്യാത്മരാമായണത്തിലെ ആദ്യത്തെ കാണ്ഡം ബാലകാണ്ഡം തുടങ്ങുന്നു. ധീരനും നീതിമാനുമായ ദശരഥന്‍ ഭരിച്ചിരുന്ന മഹത്തായ ഒരു രാജ്യമാണ് അയോദ്ധ്യ. എന്നാല്‍ തന്റെ കുലത്തിന്റെ, രാജ്യത്തിന്റെ, പിന്തുടര്‍ച്ചക്കായി ഒരു പുത്രന്‍ പോലും ഇല്ലാ എന്ന ദുഖം രാജാവിനെ അലട്ടി. ഖിന്നനായ രാജാവ് പുത്രലബ്ധിക്കായി എന്താണ് ചെയ്യേണ്ടതെന്ന് തന്റെ ഗുരുവായ വസിഷ്ഠമഹര്‍ഷിയുടെ ഉപദേശം തേടി. സന്താനലബ്ധിക്കായുള്ള ഒരു പുണ്യഹോമം, പുത്രകാമേഷ്ടി യാഗം, ചെയ്താല്‍ മതിയെന്നദ്ദേഹം രാജാവിനോടു പറഞ്ഞു. അതനുസരിച്ച് രാജാവ് ഋഷ്യശൃംഗമഹര്‍ഷിയെക്കൊണ്ട് അതിവിപുലമായി യാഗം നടത്തിച്ചു, യാഗാഗ്‌നിയില്‍ നിന്ന് അഗ്‌നിദേവന്‍, കൈയില്‍ ദിവ്യമായ ഒരു പായസം നിറച്ച ഒരു പാത്രവുമായി പ്രത്യക്ഷപ്പെട്ട് അത് രാജാവിന് സമ്മാനിച്ചു.
ദശരഥരാജന്‍ ഈ ദിവ്യപായസത്തിന്റെ പകുതി തന്റെ പ്രിയ പത്‌നി കൈകേയിക്കും മറ്റേ പകുതി കൗസല്യയ്‌ക്കും നല്കി. അവര്‍ രണ്ടുപേരും തങ്ങളുടെ വീതത്തില്‍ നിന്നും പകുതിവീതം മൂന്നാമത്തെ രാജ്ഞിയായ സുമിത്രയ്‌ക്കു നല്കി. രാജ്ഞിമാര്‍ മൂവരും കാലക്രമേണ ഗര്‍ഭിണികളായി, രാജാവിന് നാല് പുത്രന്മാര്‍ ഉണ്ടായി. കൗസല്യയില്‍ രാമനും, സുമിത്രയില്‍ ലക്ഷ്മണനും ശത്രുഘ്‌നനും, പിന്നെ കൈകേയിയില്‍ ഭരതനും ജനിച്ചു. കൗസല്യ, തന്റെ ഉദരത്തില്‍പ്പിറന്ന ശിശുവായ ശ്രീരാമനെ കണ്ടപ്പോള്‍ത്തന്നെ ആ ശിശുവിന്റെ ദിവ്യത്വം തിരിച്ചറിഞ്ഞു. ശംഖ്, ചക്രം, പദ്മം, ഗദ എന്നിവ ധരിച്ച നാല് കൈകളുള്ള ദിവ്യമായ ഭഗവദ്‌സ്വരൂപം നേരില്‍ക്കണ്ട് കൗസല്യ സന്തോഷാശ്രുക്കള്‍ പൊഴിച്ച് ഭഗവാനെ സ്തുതിച്ചു. എന്നാല്‍ പിന്നീട് ഭഗവാന്‍ സ്വയം ശിശുഭാവത്തില്‍ തന്റെ അമ്മയുടെ മടിയില്‍ മുലപ്പാലുണ്ട് കിടന്ന് ആ അമ്മയ്‌ക്ക് ജന്മപുണ്യസുകൃതം നല്കി.