കോട്ടയം: എഡിജിപി എം. ആര്‍ അജിത് കുമാറിനെതിരെ പലവഴിക്കും കുരുക്കു മുറുകുന്നു. ഏതാണ്ട് ഒരു ദിവസം തന്നെ മൂന്നു കുരുക്കുകളാണ് അജിത് കുമാറിനുമേല്‍ മുറുകിയത്. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനലും കേസ് ഡയറിയും ഫയലും ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതാണ് അതിലൊന്ന്. പൂരം കലക്കലില്‍ അജിത് കുമാറിനെതിരെ നടപടി ശുപാര്‍ശയുമായി ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത് മറ്റൊന്ന്. അതിനും പുറമേ ശബരിമലയിലേക്ക് കോടതി ഉത്തരവു ലംഘിച്ച് ട്രാക്ടറില്‍ യാത്ര നടത്തിയതിന് രൂക്ഷ വിമര്‍ശനം ഉന്നയിക്കുക മാത്രമല്ല, വിശദീകരണവും തേടി ഹൈക്കോടതി.
അജിത് കുമാറിന്‌റെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഒറിജിനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25ന് ഹാജരാക്കാനാണ് വിജിലന്‍സ് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ശബരിമലയില്‍ സുരക്ഷ കണക്കിലെടുത്ത് സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രാക്ടറില്‍ ആളെ കയറ്റുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ഇത് ലംഘിച്ച് ട്രാക്ടറില്‍ യാത്ര ചെയ്തതിനാണ് അജിത് കുമാറിനെ ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചത.് ഇതേത്തുടര്‍ന്ന് പോലീസ് മേധാവി വിശദീകരണവും തേടിയിട്ടുണ്ട്.
പൂരം കലക്കിയ സംഭവത്തില്‍ ഡ്യൂട്ടിയുടെ ഭാഗമായാണ് അജിത് കുമാര്‍ തൃശ്ശൂരിലെത്തിയതൊന്നും മന്ത്രി അവിടത്തെ പ്രശ്‌നങ്ങള്‍ ഫോണില്‍ അറിയിച്ചിരുന്നുവെന്നും അഡിഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ രാത്രി പ്രശ്‌നമുണ്ടായപ്പോള്‍ മന്ത്രി ഫോണില്‍ വിളിച്ചെങ്കിലും അജിത് കുമാര്‍ എടുത്തില്ല. ഇതടക്കമുള്ള ഗുരുതര കൃത്യവിലോപത്തിന്റെ പേരിലാണ് അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് അഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.