ഫാല്‍ക്കണ്‍-9 ബൂസ്റ്ററിലെ പ്രഷര്‍ ഫീഡ്ലൈനിന്റെ വെല്‍ഡ് ചെയ്ത് കൂട്ടിച്ചേര്‍ത്ത ഭാഗത്ത് മറഞ്ഞിരിക്കുന്ന ഒരു വിള്ളലോടെയാണ് അത് ആരംഭിച്ചത് – കഷ്ടിച്ച് കാണാവുന്ന ഒരു വിള്ളല്‍. ബഹിരാകാശ യാത്രയുടെ മഹത്തായ യന്ത്രസാമഗ്രികളിലെ ഒരു ചെറിയ പോരായ്മയായിരിക്കാം. പക്ഷേ ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു വിലയിരുത്തലിന്റെ നിമിഷമായിരുന്നു. ജാഗ്രതയോടെയും വിട്ടുവീഴ്ചയില്ലാത്തവരായും നമ്മുടെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ഉത്തരങ്ങള്‍ ആവശ്യപ്പെട്ടു. പരിഹാര മാര്‍ഗങ്ങളല്ല, അറ്റകുറ്റപ്പണികളാണ് അവര്‍ നിഷ്‌കര്‍ഷിച്ചത്. അങ്ങനെ ചെയ്തതിലൂടെ, അവര്‍ ഒരു ദൗത്യത്തെ മാത്രമല്ല – ഒരു സ്വപ്‌നത്തെയും സംരക്ഷിച്ചു.
2025 ജൂണ്‍ 25 ന്, ഭാരത വ്യോമസേന ഉദ്യോഗസ്ഥനും ഐഎസ്ആര്‍ഒയില്‍ പരിശീലനം ലഭിച്ച ബഹിരാകാശ യാത്രികനുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല, ആക്സിയം-4 ദൗത്യത്തില്‍ ഭ്രമണപഥത്തിലെത്തിയതോടെ ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. ഒരു ദിവസത്തിനുശേഷം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്ത അദ്ദേഹം, ബഹിരാകാശത്തേക്ക് മാത്രമല്ല, മനുഷ്യ കേന്ദ്രീകൃത ശാസ്ത്രം, വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ ഭാവിയിലേക്കുള്ള ഭാരതത്തിന്റെ അടുത്ത വലിയ കുതിപ്പിന്റെ മുഖമായി മാറി.
ഇതു ചടങ്ങിനു മാത്രമായൊരു യാത്രയായിരുന്നില്ല. തീവ്രമായ ശാസ്ത്രീയ പോരാട്ടമായിരുന്നു. ബഹിരാകാശയാത്രികര്‍ക്ക് മാത്രമല്ല, കര്‍ഷകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രാധാന്യമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി ഭാരതീയ ഗവേഷകര്‍ സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്ത ഏഴ് മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങള്‍ ശുക്ല കൂടെ കൊണ്ടുപോയി.
ബഹിരാകാശത്ത് ഉലുവയും പയറും മുളയ്‌ക്കുന്നത് പരിഗണിക്കുക. ഇത് ലളിതമായി തോന്നുന്നു, ഏതാണ്ട് കാവ്യാത്മകമാണ്. പക്ഷേ അതിന്റെ അനന്തരഫലങ്ങള്‍ ആഴമേറിയതാണ്. ഒരു ബഹിരാകാശ പേടകത്തിന്റെ പരിമിതമായ സ്ഥലത്തിനുള്ളില്‍, ഓരോ ഗ്രാം പോഷകാഹാരവും കണക്കിലെടുക്കുമ്പോള്‍, ഭാരതീയ വിളകള്‍ മൈക്രോഗ്രാവിറ്റിയില്‍ എങ്ങനെ പെരുമാറുന്നുവെന്ന് മനസ്സിലാക്കുന്നത് ദീര്‍ഘകാല ദൗത്യങ്ങള്‍ക്കുള്ള ക്രൂ ഡയറ്റുകളെ പുനര്‍നിര്‍വചിക്കാന്‍ സഹായിക്കും. ഏറ്റവും പ്രധാനമായി, ഭൂമിയില്‍, പ്രത്യേകിച്ച് മണ്ണിന്റെ ശോഷണവും ജലക്ഷാമവും നേരിടുന്ന പ്രദേശങ്ങളില്‍, വെര്‍ട്ടിക്കല്‍ കൃഷിയിലും ഹൈഡ്രോപോണിക്‌സിലും നൂതനാശയങ്ങള്‍ക്ക് ഇത് പ്രചോദനം നല്‍കും.
പിന്നെ ഇന്ത്യന്‍ ടാര്‍ഡിഗ്രേഡുകളെക്കുറിച്ചുള്ള പഠനമുണ്ട് – പ്രതിരോധശേഷിക്ക് പേരുകേട്ട സൂക്ഷ്മജീവികള്‍. സുഷുപ്തിയില്‍ നിന്ന് പുനരുജ്ജീവിപ്പിച്ച ഈ ചെറിയ ജീവികള്‍ ബഹിരാകാശത്ത് അതിജീവനം, പുനരുല്‍പാദനം, ജനിതക ആവിഷ്‌കാരം എന്നിവയ്‌ക്കായി നിരീക്ഷിക്കപ്പെട്ടു. അവരുടെ പെരുമാറ്റം ജൈവിക സഹിഷ്ണുതയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തും, വാക്‌സിന്‍ വികസനം മുതല്‍ കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള കൃഷി വരെ എല്ലാത്തിനും അറിവ് നല്‍കും.
മനുഷ്യപേശി കോശങ്ങള്‍ ബഹിരാകാശ സാഹചര്യങ്ങളോടും അനുബന്ധ പോഷക വസ്തുക്കളോടും എങ്ങനെ പ്രതികരിക്കുന്നുവെന്ന് പരിശോധിച്ചുകൊണ്ട് ശുക്ല ഒരു മയോജെനിസിസ് പരീക്ഷണവും നടത്തി. പേശികളുടെ അപചയത്തിനുള്ള ചികിത്സകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഈ കണ്ടെത്തലുകള്‍ കാരണമാകും, ഇത് ബഹിരാകാശയാത്രികര്‍ക്ക് മാത്രമല്ല, പ്രായമായ രോഗികള്‍ക്കും ട്രോമയില്‍ നിന്ന് കരകയറുന്നവര്‍ക്കും ഗുണം ചെയ്യും.
ബഹിരാകാശത്ത് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന ജീവജാലങ്ങളായ സയനോബാക്ടീരിയകളുടെ വളര്‍ച്ച, അരി, പയര്‍, എള്ള്, വഴുതന, തക്കാളി തുടങ്ങിയ ഭാരതീയ വിളകളുടെ വിത്തുകള്‍ സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തിന് വിധേയമാക്കല്‍ എന്നിവ നടന്നുകൊണ്ടിരിക്കുന്ന മറ്റ് പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. പാരമ്പര്യമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഈ വിത്തുകള്‍ തലമുറകളായി വളര്‍ത്തിയെടുക്കും, ഇത് കഠിനമായ പരിതസ്ഥിതികള്‍ക്ക് അനുയോജ്യമായ പുതിയ വിള ഇനങ്ങള്‍ക്ക് കാരണമാകും.
മനുഷ്യ-യന്ത്ര ഇടപെടല്‍ പോലും പരീക്ഷിക്കപ്പെട്ടു. ഇലക്ട്രോണിക് ഡിസ്‌പ്ലേകളുമായി ഇടപഴകാനുള്ള നമ്മുടെ കഴിവിനെ മൈക്രോഗ്രാവിറ്റി എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാന്‍ ശുക്ല വെബ് അധിഷ്ഠിത വിലയിരുത്തലുകള്‍ നടത്തി – ഭാവിയിലെ ബഹിരാകാശ നിലയങ്ങള്‍ക്കും ബഹിരാകാശ പേടകങ്ങള്‍ക്കും അവബോധമുണര്‍ത്തുന്ന ഇന്റര്‍ഫേസുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുള്ള നിര്‍ണായക ഉള്‍ക്കാഴ്ചയിരുന്നു ഇത്.
ഇവ അമൂര്‍ത്തമായ പരിശ്രമങ്ങളല്ല. സമൂഹത്തിനായുള്ള ശാസ്ത്രത്തിന്റെ ഭാരതീയ ധാര്‍മികതയില്‍ അവ ആഴത്തില്‍ വേരൂന്നിയതാണ്.
ആഗോള ബഹിരാകാശ നയതന്ത്രത്തില്‍ ഭാരതത്തിന്റെ വളര്‍ന്നുവരുന്ന ഔന്നത്യവും ഈ ദൗത്യം പ്രദര്‍ശിപ്പിച്ചു. സുരക്ഷാ മാനദണ്ഡങ്ങളോടുള്ള വിട്ടുവീഴ്ചയില്ലായ്മ, സ്പേസ് എക്സിനെ ഒരു വിനാശകരമായ പിഴവ് തിരിച്ചറിഞ്ഞ് നന്നാക്കാന്‍ പ്രേരിപ്പിച്ചു. നാസ, യൂറോപ്യന്‍ ഏജന്‍സി, ആക്‌സിയം സ്പേസ് എന്നിവയുമായുള്ള സഹകരണം തുല്യ പങ്കാളിത്തത്തിന്റെ പുതിയ യുഗത്തെ പ്രതിഫലിപ്പിക്കുന്നു. അവിടെ ഭാരതം പങ്കെടുക്കുക മാത്രമല്ല, നേതൃത്വവും നല്‍കുന്നു.
ദൗത്യത്തിലുടനീളം, ഇസ്രോയിലെ ഫ്‌ലൈറ്റ് സര്‍ജന്മാര്‍ ശുക്ലയുടെ ആരോഗ്യം നിരീക്ഷിച്ചു, അദ്ദേഹത്തിന്റെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കി. ലഖ്‌നൗ മുതല്‍ തിരുവനന്തപുരം വരെയും, ബെംഗളൂരു മുതല്‍ ഷില്ലോങ് വരെയും രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളുമായി സംവദിച്ചുകൊണ്ട് അദ്ദേഹം ഉത്സാഹഭരിതനായി തുടര്‍ന്നു. ശാസ്ത്രത്തിന്റെയും ബഹിരാകാശത്തിന്റെയും സാധ്യതകളെക്കുറിച്ച് യുവമനസുകളെ ഉത്തേജിപ്പിച്ചു.
അതിനുശേഷം ശുക്ല തിരിച്ചെത്തി. ഭാരതത്തിന്റെ ഗഗന്‍യാന്‍ ദൗത്യത്തിനും ഭാരത് ബഹിരാകാശ നിലയത്തിനും ഇന്ധനമാകുന്ന ഡാറ്റ, സാമ്പിളുകള്‍, ഉള്‍ക്കാഴ്ചകള്‍ എന്നിവയുടെ സമ്പന്നമായ സമ്പത്ത് അദ്ദേഹം തിരികെ കൊണ്ടുവരുന്നു.
ഇത് ഒരു ബഹിരാകാശ സഞ്ചാരിയെ കുറിച്ച് മാത്രമല്ല. ഒരു രാഷ്‌ട്രം ഉയര്‍ന്നുവരുന്നതിനെക്കുറിച്ചാണ്. ബഹിരാകാശ ശാസ്ത്രത്തെ പൊതുസേവനമാക്കി മാറ്റുന്നതിനെക്കുറിച്ചാണിത്. മൈക്രോഗ്രാവിറ്റി ഗവേഷണത്തിന്റെ പ്രയോജനങ്ങള്‍ ഭാരതത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളില്‍, ഗഗന്‍യാന്‍ എന്നത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളിലൂടെ ഒരു ഭാരതീയനെ ബഹിരാകാശത്ത് എത്തിക്കുന്നതിനെക്കുറിച്ചാണ്. ആക്‌സിയം-4 എന്നത് ഒരു പരിശീലനമാണ്, ആശയത്തിന്റെ തെളിവാണ്, അഭിലാഷത്തിനും നേട്ടത്തിനും ഇടയിലുള്ള പാലമാണ്.
നക്ഷത്രങ്ങളെ നമ്മള്‍ നോക്കുന്നത് വിസ്മയത്തോടെ മാത്രമല്ല, മറിച്ച് ഉദ്ദേശ്യത്തോടെയാണ്. കാരണം ഭാരതത്തെ സംബന്ധിച്ചിടത്തോളം ആകാശം പരിധിയല്ല- അത് പരീക്ഷണശാലയാണ്.