• Thu. Sep 17th, 2026

24×7 Live News

Apdin News

അന്താരാഷ്ട്ര സമുദ്രത്തിൽ പാക് കപ്പൽ ഇന്ത്യൻ നാവികസേനാ കപ്പലിടിച്ചു; പാകിസ്ഥാൻ നയതന്ത്രപ്രതിനിധിയെ വിളിപ്പിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

Byadmin

Sep 17, 2026


ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്ര മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പലിൽ പാകിസ്ഥാൻ നാവികസേനയുടെ കപ്പൽ വന്നിടിച്ചു. ഒമാൻ തീരത്തിന് കിഴക്ക് ഏകദേശം 200 കിലോമീറ്റർ അകലെയാണ് അപകടനികാരമായ ഈ സംഭവം നടന്നത്. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഡൽഹിയിലെ പാകിസ്ഥാൻ നയതന്ത്രപ്രതിനിധിയെ വിളിപ്പിച്ചുവരുത്തി പ്രതിഷേധക്കുറിപ്പ് കൈമാറുകയും ചെയ്തു.

ഇന്ത്യൻ കപ്പലിന് കാര്യമായ കേടുപാടുകളോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. പാകിസ്ഥാൻ നാവികസേനാ യൂണിറ്റുകളുടെ തികച്ചും പ്രൊഫഷണൽ അല്ലാത്തതും അംഗീകരിക്കാനാകാത്തതുമായ പെരുമാറ്റത്തെ ഇന്ത്യ രൂക്ഷമായി വിമർശിച്ചു.

1991-ലെ കരാറിന്റെ ലംഘനം

അന്താരാഷ്ട്ര കടൽപ്പാതയിലൂടെയുള്ള സൈനിക നീക്കങ്ങൾ, പരിശീലനങ്ങൾ എന്നിവയെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന 1991 ഏപ്രിലിലെ ഉഭയകക്ഷി കരാറിലെ ആർട്ടിക്കിൾ 10-ന്റെ നഗ്നമായ ലംഘനമാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

പ്രതിഷേധം ഇസ്ലാമാബാദിലും:

വിഷയം പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കാൻ ഡൽഹിയിലെ പാക് പ്രതിനിധിയോട് നിർദേശിച്ചതിന് പുറമെ, ഇസ്ലാമാബാദിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ വഴി പാക് വിദേശകാര്യ മന്ത്രാലയത്തിന് മുന്നിലും ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ പാക് സൈനിക യൂണിറ്റുകൾ കടുത്ത ജാഗ്രത പാലിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകൾ കർശനമായി പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.







By admin