• Fri. Aug 28th, 2026

24×7 Live News

Apdin News

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

Byadmin

Aug 28, 2026


കോഴിക്കോട്: ഇസ്‌ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിർവരമ്പുകൾ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണമെന്ന് സമസ്ത കാന്തപുരം വിഭാഗം. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നതും, ഇസ്‌ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയണക്കുന്നതും വിശ്വാസികൾക്ക് ചേർന്നതല്ലെന്നും അത് അനുവദനീയമല്ലെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

നബിദിന ആഘോഷങ്ങളിൽ സ്‌ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശവുമായി സമസ്‌ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്. ഇത്തരം പരിപാടികൾ തികച്ചും ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ മഹല്ല് ഭാരവാഹികളും പള്ളി, മദ്‌റസ, മറ്റ് സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ നേതൃത്വവും പ്രത്യേക ജാഗ്രത പുലർത്തണമെന്നും കാന്തപുരത്തിന്റെ പ്രസ്‌‌താവനയിൽ പറയുന്നു.

മതകീയ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവൻ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും, വരും തലമുറയിലേക്ക് സന്മാർഗികമായ മാതൃകകൾ പകർന്നുനൽകാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും നേതാക്കൾ പ്രസ്‌താവനയിൽ പറയുന്നു.



By admin