കൊല്ലം: റോഡ് വശങ്ങളില്‍ താത്കാലികമായി തട്ടികൂട്ടുന്ന തട്ടുകടകളിലെ ഉപ്പിലിട്ട ഭക്ഷണ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നതായി പരാതി. വീര്യം കൂടിയ വിനാഗിരി, അസറ്റിക്ക് ആസിഡ് എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന അച്ചാറുകളാണ് ഇവിടങ്ങളില്‍ കച്ചവടം നടത്തുന്നത്. ചൂട് കൂടിയതോടെ തട്ടിക്കൂട്ട് തണ്ണീര്‍പന്തലുകളില്‍ വില്‍ക്കുന്ന ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, പൈനാപ്പിള്‍, കാരറ്റ്, അമ്പഴങ്ങ തുടങ്ങി ഉപ്പിലിട്ടതെല്ലാം പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഭക്ഷണപ്രിയരെ ആകര്‍ഷിക്കുംവിധം കൃത്രിമനിറങ്ങള്‍ ചേര്‍ത്ത് വൃത്തിഹീനമായ രീതിയില്‍ തയ്യാറാക്കിയാണ് വില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിച്ചവരില്‍ പലര്‍ക്കും വയറുവേദന, ഛര്‍ദ്ദി എന്നിവ റിപ്പോര്‍ട്ട് ചെയ്തതായും പരാതികളുണ്ട്. നിയമം ലംഘിച്ച് ആസിഡ് ഉപയോഗിച്ചോ എന്നറിയാന്‍ പരിശോധനയ്‌ക്കുള്ള സംവിധാനം ആരോഗ്യവകുപ്പിലുണ്ട്. എന്നാല്‍ പരിശോധനയില്ലാത്തതാണ് പ്രശ്‌നം. സമീപകാലത്ത് ചില കടക്കാര്‍ നടത്തുന്ന മായം ചേര്‍ക്കല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
വ്യാവസായിക അടിസ്ഥാനത്തില്‍ ഉപ്പിലിട്ട ആഹാരസാധനങ്ങള്‍ കച്ചവടം ചെയ്യുന്ന കേന്ദ്രങ്ങള്‍ പലയിടങ്ങളിലുമുണ്ട്. ഇവര്‍ ചെറുകിട കടകള്‍ക്ക് ആഹാരസാധനങ്ങള്‍ നല്‍കുന്നുണ്ട്. ഇവിടെയും പരിശോധന ഇല്ലാത്തതിനാല്‍ തോന്നുംപടിയാണ് കച്ചവടം. ഇവിടങ്ങളില്‍ നിന്നാണ് കൂടുതലായി ഇത്തരം അച്ചാറുകള്‍ ഉള്‍പ്പെടെയുള്ളവ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നത്. ഇവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കച്ചവടക്കാരും ഉണ്ട്. ഇത് എല്ലാ തട്ടുകടക്കാരെയും പ്രതിസന്ധിയിലാക്കുകയാണ്.
പല വസ്തുക്കളും ഉപ്പിലിട്ടാല്‍ അത് പാകമായി വരാന്‍ ഏറെക്കാലമെടുക്കും. എന്നാല്‍ എളുപ്പത്തില്‍ ഉപ്പുപിടിച്ച് പാകമാകാനാണ് ആസിഡ് ചേര്‍ക്കുന്നത്. സാധാരണയായി അസറ്റിക്ക് ആസിഡ് നേര്‍പ്പിച്ച് പല കടക്കാരും ഉപ്പിലിടാന്‍ ഉപയോഗിക്കാറുണ്ടെന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഉപ്പുവെള്ളം ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ രുചി ലഭിക്കുമെന്നതും മറ്റൊരു കാരണമാണ്. സാധാരണയായി ഉപ്പും വെള്ളവുമുപയോഗിച്ച് മാങ്ങയും മറ്റും ഉപ്പിലിടുമ്പോള്‍ ഭരണിക്കകത്ത് വെള്ളനുരയും കലക്കവും വരാറുണ്ട്. എന്നാല്‍ ബാറ്ററി വാട്ടറും മറ്റും ഉപയോഗിച്ച് ഉപ്പിലിട്ടാല്‍ ഇതുണ്ടാവില്ലെന്നതാണ് മറ്റൊരു സംഗതി.
അസറ്റിക് ആസിഡിന്റെ ദോഷങ്ങള്‍
നേര്‍പ്പിച്ചത് സ്ഥിരമായി ഉപയോഗിക്കാതെ ഇരുന്നാല്‍ വലിയ ഗുരുതര പ്രശ്‌നങ്ങള്‍ വരുത്തുന്നില്ലെങ്കിലും വീര്യം കൂടിയവ പല്ലിന്റെ ഇനാമല്‍ തേയ്‌മാനം, നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രബിള്‍, അള്‍സര്‍, തൊണ്ടവേദന, ഷുഗര്‍/പൊട്ടാസ്യം ലെവല്‍ താഴല്‍ എന്നിവയ്‌ക്ക് കാരണമാകും. ഷുഗറും ഹൃദ്രോഗംവുമുള്ളവര്‍ക്കും മൂത്രം പോ കാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ഇത് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കും.