• Sun. Jul 26th, 2026

24×7 Live News

Apdin News

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

Byadmin

Jul 26, 2026


ശ്രീനഗര്‍: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആറ് ദിവസം നിര്‍ത്തിവെച്ച അമര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പഹല്‍ഗാം, ബാല്‍താള്‍ റൂട്ടുകളിലൂടെ തീര്‍ത്ഥാടകരെ വീണ്ടും കടത്തിവിടാന്‍ അധികൃതര്‍ അനുമതി നല്‍കി.

ജമ്മുവിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് 1,470 സ്ത്രീകളും 25 കുട്ടികളും 54 സംന്യാസിമാരും ഉള്‍പ്പെടെ 6,269 തീര്‍ത്ഥാടകര്‍ 223 വാഹനങ്ങളിലായി കര്‍ശന സുരക്ഷയോടെ ബാല്‍താള്‍ ബേസ് ക്യാമ്പിലേക്ക് പുറപ്പെട്ടു. പഹല്‍ഗാം റൂട്ടിലേക്ക് ഇന്നലെ ജമ്മുവില്‍ നിന്ന് പ്രത്യേക വാഹനവ്യൂഹം അയച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

അനന്ത്‌നാഗ് ജില്ലയിലെ 48 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പഹല്‍ഗാം പാതയിലും ഗന്ദര്‍ബാല്‍ ജില്ലയിലെ 14 കിലോമീറ്റര്‍ ബാല്‍താള്‍ പാതയിലും തുടര്‍ച്ചയായ മഴയും മണ്ണിടിച്ചില്‍ ഭീഷണിയും കാരണം ജൂലൈ 19-നാണ് തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവെച്ചത്.

കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഉധംപൂര്‍ റംബാന്‍ മേഖലയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് ദിവസമായി അടച്ചിട്ടിരുന്ന ജമ്മു – ശ്രീനഗര്‍ ദേശീയപാത വീണ്ടും തുറന്നു. ശനിയാഴ്ച രാവിലെ ബാല്‍താള്‍, പഹല്‍ഗാം ബേസ് ക്യാമ്പുകളില്‍ നിന്ന് നൂറുകണക്കിന് ഭക്തര്‍ നേരിയ മഴ അവഗണിച്ച് അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്ക് യാത്ര തുടര്‍ന്നു.

ജൂലൈ 2-ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് ആദ്യ തീര്‍ത്ഥാടക സംഘത്തെ യാത്രയാക്കിയത്. ആഗസ്ത് 28-ന് രക്ഷാബന്ധന്‍ ദിനത്തോടെയാണ് ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര സമാപിക്കുക. ഇതുവരെ നാല് ലക്ഷത്തോളം ഭക്തര്‍ അമര്‍നാഥ് ഗുഹാക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതായി അധികൃതര്‍ അറിയിച്ചു.

 



By admin