മലപ്പുറം: കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകൾ ആധുനിക ലോകോത്തര സൗകര്യങ്ങളോടെ നവീകരിച്ചു. ജില്ലയിലെ പരപ്പനങ്ങാടി, തിരൂർ, നിലമ്പൂർ റോഡ് എന്നീ റെയിൽവേ സ്റ്റേഷനുകളാണ് പുത്തൻ ഭാവത്തിലേക്ക് മാറിയത്. നവീകരണം പൂർത്തിയാക്കിയ സ്റ്റേഷനുകളുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കും. യാത്രക്കാർക്കായി അത്യാധുനിക രീതിയിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഉയർത്തിയ പ്ലാറ്റ്ഫോമുകൾ, ആകർഷകമായ പ്രവേശന കവാടങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, വിപുലമായ ലൈറ്റിങ് സംവിധാനങ്ങൾ എന്നിവയെല്ലാം ഈ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.
പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ വൻ തുക ചെലവഴിച്ചാണ് സ്റ്റേഷനുകളുടെ മുഖഛായ മാറ്റിയത്.
തിരൂർ റെയിൽവേ സ്റ്റേഷൻ: പദ്ധതിക്കായി ആദ്യം 18 കോടി രൂപയാണ് അനുവദിച്ചിരുന്നതെങ്കിലും 26.55 കോടി രൂപ ചെലവഴിച്ചാണ് നിലവിൽ നവീകരണം പൂർത്തിയാക്കിയത്. മൂന്ന് ലിഫ്റ്റുകളും രണ്ട് എസ്കലേറ്ററുകളും ടിക്കറ്റ് കൗണ്ടറിൽ രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും (ATVM) സജ്ജമാക്കി. കെട്ടിടത്തിലുണ്ടായിരുന്ന പഴയ മ്യൂറൽ ചിത്രങ്ങൾ മാറ്റി പുതിയവ വരയ്‌ക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നിലമ്പൂർ റോഡ് സ്റ്റേഷൻ: ആദ്യഘട്ടത്തിൽ 8 കോടി അനുവദിച്ച ഇവിടെ 16.44 കോടി രൂപയുടെ നവീകരണമാണ് പൂർത്തിയായത്. രണ്ടാം പ്രവേശന കവാടം, ആധുനിക ബുക്കിങ് ഓഫീസ്, പ്ലാറ്റ്ഫോം മേൽക്കൂര, പൂർണ്ണ വൈദ്യുതീകരണം, പുതിയ സിഗ്നൽ സംവിധാനം എന്നിവ സജ്ജമാക്കി.
പരപ്പനങ്ങാടി സ്റ്റേഷൻ: 6.3 കോടി രൂപ അനുവദിച്ചിരുന്ന ഇവിടെ 14.21 കോടി രൂപ ചെലവഴിച്ചാണ് വികസനം നടപ്പാക്കിയത്. പ്രവേശന കവാടം മനോഹരമാക്കിയതിനൊപ്പം വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കി.
ഇതേ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ തലശ്ശേരി റെയിൽവേ സ്റ്റേഷൻ 22.32 കോടി രൂപ ചെലവിലും ആധുനിക രീതിയിൽ നവീകരിച്ചിട്ടുണ്ട്.