• Thu. Jul 16th, 2026

24×7 Live News

Apdin News

അയാള്‍ കഥയെഴുതുകയാണ്… 18-ാം ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ എന്റിക്വെ മാര്‍ക്വെസ്

Byadmin

Jul 16, 2026


അറ്റ്ലാന്റ: ഫുട്ബോളിലെ ഇതിഹാസങ്ങളായ പെലെ, മറഡോണ ഇപ്പോഴിതാ മെസി എന്നീ വിവിധ തലമുറ ഫുട്ബോളര്‍മാരുടെ പ്രകടനങ്ങള്‍ക്ക് സാക്ഷിയാകാന്‍ നിയോഗം ലഭിച്ചൊരു 91കാരന്‍ ഈ അമേരിക്കന്‍ ലോകകപ്പ് വേദിക്ക് പുറത്ത് താരമാകുകയാണ്. ആള്‍ ഒരു അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകനാണ്. പേര് എന്റിക്വെ മക്കായാ മാര്‍ക്വെസ്. ഏഴ് പതിറ്റാണ്ടായി ലോകകപ്പിന്റെ ഭാഗമായുണ്ട്.

പെലെയും ബ്രസീലും കിരീട വാഴ്‌ച്ച തുടങ്ങിയ 1958ല്‍ അരങ്ങേറിയ സ്വീഡന്‍ ലോകകപ്പ് മുതല്‍ മുടങ്ങാതെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നു. ഇതിപ്പോള്‍ അവസാന ലോകകപ്പ് ആയിരിക്കുമോ എന്ന ചോദ്യത്തിന് മക്കായയുടെ മറുപടി തുറന്ന പൊട്ടിച്ചിരിയാണ്. എങ്കിലും ഒഴിഞ്ഞുമാറ്റമില്ല, ‘വ്യക്തമായി മറുപടി തരും- ഞാന്‍ റിട്ടയര്‍ ചെയ്യുന്നുവെന്നാല്‍ അതിനര്‍ത്ഥം ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്നാണ്. (ചിരിക്കുന്നു) മനസ്സിലായില്ലേ അത്തരം ചിന്തകള്‍ക്ക് പോലും ഇതേ വരെ സ്ഥാനം കൊടുത്തിട്ടില്ല.

നിരവധി ചരിത്രങ്ങളാണ് കണ്‍മുന്നിലൂടെ കടന്നുപോയിട്ടുള്ളത്. പെലെയുടെ നേതൃത്വത്തില്‍ ബ്രസീല്‍ നടത്തിയ പ്രയാണങ്ങള്‍. ദിര്‍ഘകാലത്തെ കാനറികളുടെ കിരീട വറുതി. പിന്നെ ഉണ്ടായ തിരിച്ചുവരവും വീണ്ടും വരള്‍ച്ച നേരിടുന്ന ഈ കാലഘട്ടം. മറഡോണയുടെ 1986 ലോകകപ്പ്, ലോകകപ്പിനപ്പുറം ഫുട്ബോളിന് വേണ്ടി സര്‍വ്വവും കൊടുക്കാന്‍ തയ്യാറായ ജീവിതം, മെസിയുടെ പുതിയകാല മാജിക്കുകള്‍ എന്നിങ്ങനെ എല്ലാം മക്കായാ ഓര്‍ത്തെടുക്കുന്നു.

എക്കാലത്തെയും മികച്ച താരം ആരെന്ന് ചോദിച്ചാലുള്ള മറുപടി അതൊരിക്കലും പറയാനാകില്ല എന്നാണ്. ഓരോ താരങ്ങളും ഓരോ കാലഘട്ടത്തിന്റെ കളിക്കാരാണ്. സാങ്കേതികതയിലും കളിശൈലിയിലും അങ്ങനെ പല കാര്യങ്ങളിലും വ്യത്യാസമുണ്ടാകും- അതിനാല്‍ എല്ലാക്കാലത്തെയും മികച്ച കളിക്കാരന്‍ ഇന്നയാള്‍ എന്ന് പറയാനാകില്ലെന്ന് മക്കായ പറയുന്നു. ഫുട്ബോള്‍ പരിശീലകരില്‍ പ്രസിദ്ധിയുടെ നിറവിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന കോച്ച് ലയണല്‍ സ്‌കലോനി അങ്ങോട്ട് ആവശ്യപ്പെട്ട് മക്കായയെ കൂടെ നിര്‍ത്തി ചിത്രം എടിപ്പിച്ചതോടെയാണ് ഈ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രദ്ധിക്കപ്പെട്ടത്.



By admin