ഗുരുവായൂർ: കിടപ്പുമുറിയിലെ റാഫ്രിജറേറ്റർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ വയോധികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്. ഗുരുവായൂർ മുതുവട്ടൂർ സ്വദേശികളായ ആരോവീട്ടിൽ കുട്ടപ്പൻ (70), ഭാര്യ അംബിക (65) എന്നിവരെയാണ് പുക ശ്വസിച്ച് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കിടപ്പുരോഗികളായ ഇരുവരും അപകടസമയത്ത് ആഴത്തിലുള്ള ഉറക്കത്തിലായിരുന്നു.
ബുധനാഴ്ച രാത്രി 11:30 ഓടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. ഫ്രിഡ്ജിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക വിലയിരുത്തൽ. പൊട്ടിത്തെറിയുടെ ആഘാതത്തിൽ നിമിഷങ്ങൾക്കകം മുറിക്കുള്ളിലേക്ക് പടർന്നുപിടിച്ച തീയും കനത്ത പുകയും ദമ്പതികളെ ശ്വാസംമുട്ടിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ തീവ്രതയിൽ വീടിന്റെ കോൺക്രീറ്റ് ചുവരുകളിൽ വലിയ വിള്ളലുകൾ വീഴുകയും ജനൽച്ചില്ലുകൾ പൂർണ്ണമായും തകരുകയും ചെയ്തു. റാഫ്രിജറേറ്റർ കരിഞ്ഞുണങ്ങിയ നിലയിലാണ്.
നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും സംയുക്തമായി നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്‌ക്കാനും ദമ്പതികളെ പുക നിറഞ്ഞ മുറിയിൽ നിന്ന് പുറത്തെടുക്കാനും സാധിച്ചത്. ഉടൻ തന്നെ ഇവരെ മുതുവട്ടൂരിലെ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്‌ക്കായി പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.